ഹൈബ്രിഡ് വൈദ്യുത കപ്പലിന് കീലിട്ടു
കൊച്ചി: ആഗോള മേഖലയിൽ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി സൈപ്രസിലെ സ്വകാര്യ കമ്പനിയ്ക്കായി നിർമ്മിക്കുന്ന പുതിയ ഹൈബ്രിഡ് വൈദ്യുതി കപ്പലിന് കൊച്ചിൻ ഷിപ്പ്‌യാർഡ് കീലിട്ടു. വൈദ്യുതി വിനിയോഗിക്കുന്ന കപ്പലിന് ഭാവിയിൽ മെത്തനോൾ ഇന്ധനമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് നിർമ്മാണം.
പെലാജിക് വാലു എന്ന ഈ കപ്പൽ 2800 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുക. മലിനീകരണം പൂർണമായി ഒഴിവാകും. പുനരുപയോഗിക്കാവുന്ന ഇന്ധനമേഖലയ്ക്ക് ഉണർവ് നൽകുന്ന കപ്പൽ രൂപകല്പന സുസ്ഥിര ഉൗർജമെന്ന ആഗോള ലക്ഷ്യം കൈവരിക്കുന്നതിനും സഹായമാകുമെന്ന് കപ്പൽശാലാ അധികൃതർ പറഞ്ഞു.
കൂടുതൽ സുരക്ഷിതത്വം, പ്രവർത്തനക്ഷമത, കടലിലെ സുഗമമായ പ്രവർത്തനം, കുറഞ്ഞ ഇന്ധന ഉപഭോഗം എന്നിവയും ഉറപ്പുവരുത്തുന്നതാണ്. 120 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകല്പന.
നവീനത, സുസ്ഥിരത, ആഗോളസഹകരണം എന്നിവയിൽ കപ്പൽശാലയുടെ പ്രതിബന്ധത തെളിയിക്കുന്നതാണ് പുതിയ കപ്പലിന്റെ നിർമ്മാണം. വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടിപ്പാടങ്ങളിലേയ്ക്ക് ജീവനക്കാരെ എത്തിക്കാൻ ഉൾപ്പെടെ ഉപയോഗിക്കാനാണ് സൈപ്രസ് ആസ്ഥാനമായ പെലാജിക് വിൻഡ് സർവീസസിന് വേണ്ടി കപ്പൽ നിർമ്മിക്കുന്നത്. രണ്ടു കപ്പലുകളിൽ ആദ്യത്തേതിന്റെ നിർമ്മാണമാണ് ആരംഭിച്ചത്.
കപ്പൽശാലയിൽ നടന്ന ചടങ്ങിൽ പെലാജിക് വൈൻഡ് സർവീസസിന്റെ സി.ഇ.ഒ ആൻഡ്രേ ഗ്രോയൻവെൽഡ് കീലിടൽ നിർവഹിച്ചു. കപ്പൽശാല എക്‌സിക്യുട്ടീവ് ഡയറക്‌ടർ എസ്. ഹരികൃഷ്‌ണൻ, ഡയറക്ടർ കെ.എൻ. ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.
നീളം 93 മീറ്റർ
ആഴം 19.5 മീറ്റർ
ബാറ്ററിശേഷി 2800 കിലോവാട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |