ആലപ്പുഴ: ചേർത്തലയിലെ കളരിപ്പയറ്റ് സ്ഥാപനത്തിൽ വച്ച് പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കളരി ആശാൻ തിരുവനന്തപുരം, നെയ്യാറ്റിൻകര കാരോട് തൈവിളാകത്ത് മേലേതട്ട് പുത്തൻവീട്ടിൽ പുഷ്പാകരന് ( 64 ) ചേർത്തല പ്രത്യേക അതിവേഗ കോടതി 12 വർഷം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വാടക വീട്ടിൽ താമസിച്ച് കളരിപ്പയറ്റ് സ്ഥാപനം നടത്തിവരികയായിരുന്നു പ്രതി. കളരി അഭ്യസിക്കാനെത്തിയ കുട്ടിയെ കുഴമ്പിടാനെന്ന വ്യാജേന വിളിച്ച് കളരിയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇത് പലതവണ ആവർത്തിച്ചതിനെത്തുടർന്ന്
കളരിയിൽ പോകാൻ വിമുഖത കാണിച്ച കുട്ടിയോട് രക്ഷിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥനായ ആൾ ഉപദ്രവിച്ചതിനും ഒന്നിൽ കൂടുതൽ തവണ ആവർത്തിച്ചതിനും പോക്‌സോ നിയമപ്രകാരം 6 വർഷം വീതം 12 വർഷം തടവും 1 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കുട്ടി അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിനോട് കോടതി ശുപാർശ ചെയ്തു. 2022 ജൂൺ മാസത്തിൽ ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന വി.ജെ.ആന്റണി കുറ്റപത്രം സമർപ്പിച്ച കേസിന്റെ അന്വേഷണത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ കെ.നിധി, ഷൈനിമോൾ എന്നിവർ ഭാഗമായി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബീന കാർത്തികേയൻ, അഡ്വ.വി.എൽ.ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി. എ.സുനിത, ടി.എസ്.രതീഷ് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |