പയ്യന്നൂർ: 'കരുതലും കൈത്താങ്ങും" പയ്യന്നൂർ താലൂക്ക് തല അദാലത്തിൽ 138 പരാതികൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ തീർപ്പാക്കി. ഡിസംബർ ആറ് വരെ ഓൺലൈനായും നേരിട്ടും 191 പരാതികളാണ് ലഭിച്ചത്.
326 പരാതികൾ അദാലത്ത് ദിവസമായ ഇന്നലെ നേരിട്ട് സ്വീകരിച്ചു. ആകെ 517 പരാതികളാണ് അദാലത്തിൽ ലഭിച്ചത്.
അദാലത്തിന്റെ ഉദ്ഘാടന വേദിയിൽ ഒമ്പത് പേർക്ക് മന്ത്രി നേരിട്ട് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു. ശാന്ത വെങ്ങര, ശാരദ കാറമേൽ, സരോജിനി എരമം-കുറ്റൂർ, പി.വി.ശ്രീജ രാമന്തളി, ഫൗസിയ മാടായി, രാഗിണി പയ്യന്നൂർ, ശ്യാമള കാങ്കോൽ, എ.കമലാക്ഷി കാനായി, പി.മീറ വെള്ളൂർ എന്നിവർക്കാണ് മുൻഗണന കാർഡുകൾ വിതരണം ചെയ്തത്.
ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന അദാലത്ത് ഉദ്ഘാടനത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. എം.വിജിൻ എം.എൽ.എ, എ.ഡി.എം സി.പത്മചന്ദ്ര കുറുപ്പ്, പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൺ കെ.വി.ലളിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ, ജില്ലാ പഞ്ചായത്തംഗം എം.രാഘവൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, കൗൺസിലർ മണിയറ ചന്ദ്രൻ, എ.ഡി.എം സി.പത്മചന്ദ്രകുറുപ്പ്, തളിപ്പറമ്പ് ആർ.ഡി.ഒ ടി.വി രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
ദിനേശനും പ്രഭാകരനും മുന്നിൽ
ഇനി വഴി അടയില്ല
റെയിൽവേ സ്‌റ്റേഷന് കിഴക്ക് വശത്ത് ടി.പി.ദിനേശൻ, സഹോദരൻ പ്രഭാകരൻ എന്നിവരുടെ ക്വാർട്ടേഴ്സിലേക്കുള്ള വഴി പ്രശ്നത്തിന്, നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരിഹാരം കാണും. പരാതിക്കാരുടെ ക്വാർട്ടേഴ്സിലേക്കുള്ള വഴി, റെയിൽവേ കിഴക്ക് വശത്ത് നിർമ്മിക്കുന്ന പാർക്കിംഗ് കേന്ദ്രത്തിന് വേണ്ടി അടച്ചുവെന്നും , പകരം കാനം വഴിയുള്ള സ്ഥലത്ത് വെള്ളം കെട്ടി നിൽക്കുന്നതിനാൽ യാത്രക്ക് തടസ്സം അനുഭവപ്പെടുന്നുവെന്നുമാണ് അദാലത്തിൽ പരാതി നൽകിയത്. കാനം കാട്ടികുളം റോഡിൽ നിന്ന് ക്വാർട്ടേഴ്സിലേക്ക് എത്തിച്ചേരുന്നതിന് പൊതുവഴി നിലവിലുണ്ടെന്നും മഴ കാലത്ത് വെള്ളം കെട്ടി നിൽക്കുന്നതിന് മണ്ണിട്ട് ഉയർത്തിയാൽ പ്രശ്നം പരിഹരിക്കാൻ പറ്റുമെന്നും നടപടി സ്വീകരിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി മറുപടി നൽകി.
പനയന്താർ കുളം സ്വതന്ത്രമാക്കും
പയ്യന്നൂർ നഗരസഭാ പരിധിയിലെ പനയന്താർ കുളം പൂർവസ്ഥിതിയിലാക്കുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും അദാലത്തിൽ തീരുമാനമായി. കണ്ടങ്കാളി സ്വദേശി കെ സുബേദാർ വേണുഗോപാലൻ നൽകിയ പരാതിയിലാണ് നടപടി. കുളം പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സംരക്ഷിക്കണമെന്ന് പരാതിക്കാരന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദ്ദേശം നൽകി. താലൂക്ക് സർവെയർ സ്ഥലം തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭ കൈയേറ്റം ഒഴിപ്പിച്ചു നടപടി സ്വീകരിച്ചതായും മന്ത്രി പരാതിക്കാരനെ ബോധ്യപ്പെടുത്തി. കുളം പൂർവസ്ഥിതിയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള അതിരുകൾ നിശ്ചയിക്കണമെന്നുമായിരുന്നു സുബേദാർ വേണുഗോപാലന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |