ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടൻ അല്ലു അർജുന് ഇടക്കാലം ജാമ്യം ലഭിച്ചിട്ടും ഇന്ന് ജയിൽ മോചിതനാകില്ല. കോടതിയിൽ നിന്ന് ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് ജയിൽ മോചനം സാദ്ധ്യമാകാത്തതെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. നാളെ രാവിലെ കോടതി ഉത്തരവ് ജയിലിൽ എത്തിയ ശേഷമാകും നടൻ പുറത്തിറങ്ങുക.
അല്ലു അർജുൻ ഇന്ന് കഴിയുക ചഞ്ചൽഗുഡ ജയിലിലെ ക്ലാസ് വൺ ബാരക്കിലായിരിക്കും. അല്ലു അർജുനായി ചഞ്ചൽഗുഡ ജയിലിലെ ക്ലാസ് 1 ബാരക്ക് തയ്യാറാക്കി എന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. ഇതിനെ തുടർന്ന അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദ് തിരികെ വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാൽ ആരാധകർ പ്രതിഷേധവുമായി ജയിലിന് മുന്നിൽ തുടരുകയാണ്. സ്ഥലത്ത് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. റിമാൻഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളില്‍ തന്നെ അല്ലുവിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. കേസിൽ പൊലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്ന് കോടതി ഉത്തരവിൽ നിർദ്ദേശമുണ്ട്. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. 50000 രൂപയും ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |