മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും
പാലക്കാട്: ജലസ്രോതസുകളുടെയും നീർച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന 'ഇനി ഞാനൊഴുകട്ടെ' ജനകീയ കാമ്പയിൻ മൂന്നാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് തൃത്താല മണ്ഡലത്തിലെ കണ്ണനൂരിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. കണ്ണനൂർ തോട് പരിസരത്ത് നടക്കുന്ന പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റജീന അദ്ധ്യക്ഷയാകും. അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയാകും. നവകേരളം കർമപദ്ധതി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. ടി.എൻ.സീമ 'ഇനി ഞാനൊഴുകട്ടെ' കാമ്പയിൻ വിശദീകരണം നടത്തും. ജില്ലാ കളക്ടർ ഡോ. എസ്.ചിത്ര വിശിഷ്ടാതിഥിയാകും. എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ എ.നിസാമുദ്ദീൻ ബ്രോഷർ പ്രകാശനം നിർവഹിക്കും. നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ പി.സെയ്തലവി മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ റിപ്പോർട്ട് അവതരിപ്പിക്കും. തദ്ദേശ സ്ഥാപനതല ജനപ്രതിനിധികൾ, സാമൂഹിക സാസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
പുനരുജ്ജീവിപ്പിച്ചത് കാൽലക്ഷം നീർച്ചാലുകൾ
ജലസംരക്ഷണം, ജല സുരക്ഷ എന്നീ മേഖലകളിൽ സംസ്ഥാനത്ത് കാതലായ നേട്ടം കൈവരിച്ച ജനകീയ കാമ്പയിനാണ് ഇനി ഞാനൊഴുകട്ടെ. രണ്ട് ഘട്ടങ്ങളിലായി കാമ്പയിനിലൂടെ 24741 നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ചു. 82352 കിലോമീറ്റർ ദൂരം നീർച്ചാലുകൾ ശുചീകരിച്ച് സുഗമമായ നീരൊഴുക്ക് സാധ്യമാക്കി. 422 കിലോമീറ്റർ ദൂരം പുഴകൾ ശുചീകരിച്ചു. ജല സംഭരണത്തിനായി 698 സ്ഥിരം തടയണകളും 67770 താൽക്കാലിക തടയണകളും നിർമ്മിച്ചു. 28914 കുളങ്ങൾ പുനരുജ്ജീവിപ്പിച്ചു. 24164 കുളങ്ങൾ നിർമ്മിച്ചു. കേരളത്തെ സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിൽ സംസ്ഥാനത്തെ മുഴുവൻ നീർച്ചാലുകളും ജലസ്രോതസ്സുകളും ശുചീകരിച്ച് വീണ്ടെടുക്കുന്ന പ്രവർത്തനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ലക്ഷ്യം നേടാനാണ് ഇനി ഞാനൊഴുകട്ടെ കാമ്പയിൻ മൂന്നാംഘട്ടം ആരംഭിക്കുന്നതെന്ന് നവകേരളം കർമപദ്ധതി ഡോ. ടി.എൻ.സീമ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |