ഹൈദരാബാദ്: അല്ലു അർജ്ജുനെ അറസ്റ്റു ചെയ്ത പൊലീസ് നടപടിക്കെതിരെ ആരാധകർ രംഗത്തുവന്നതിനുപിന്നാലെ തെലങ്കാന ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളും തിരിഞ്ഞു.
കേസ് റദ്ദാക്കാൻ അല്ലു അർജ്ജുൻ ഹൈക്കാേടതിയെ സമീപിച്ചിരിക്കേ, തിടുക്കപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തതാണ് പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെ ആയുധമാക്കിയത്.
സന്ധ്യ തിയറ്റർ മാനേജ്‌മെന്റ്, അല്ലുവിന്റെ പ്രൈവറ്റ് സെക്യൂരിറ്റി ചുമതലയുള്ള ആൾ, ആ സമയത്ത് അല്ലുവിന് ഒപ്പമുണ്ടായിരുന്ന സിനിമാ സംഘാംഗങ്ങൾ എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
പ്രഭാത ഭക്ഷണം പോലും കഴിക്കാൻ അനുവദിക്കാതെയായിരുന്നു അറസ്റ്റെന്നാണ് കുടുംബാഗങ്ങൾ ആരോപിച്ചത്. കൈയിൽ കോഫികപ്പുമായി പൊലീസുകാർക്കിടയിൽ അല്ലു നിൽക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കിടപ്പുമുറിയിൽ നിന്നു അല്ലുവിനെ അറസ്റ്റു ചെയ്തത് ഇന്ത്യൻ സിനിമയ്ക്ക് ആഗോളതലത്തിൽ അംഗീകാരം നേടിക്കൊടുത്ത അഭിനേതാവിനെ അപമാനിക്കാൻ വേണ്ടിയാണെന്നാണ് ആരോപണം.
പൊലീസ് നടപടിയെ വിമർശിച്ച് പുഷ്പയിലെ നായിക രശ്മിക മന്ദാനയും ബോളിവുഡ് താരം വരുൺ ധവാനും അടക്കം രംഗത്ത് എത്തിയിരുന്നു.
`കേസിൽ സർക്കാരിന് ഒരു പങ്കുമില്ല, നിയമം അതിന്റെ വഴിക്ക് പോകുന്നു'
- രേവന്ത് റെഡ്ഢി,
മുഖ്യമന്ത്രി
`അല്ലുവിനെ അറസ്റ്റു ചെയ്ത് അപമാനിച്ചത് തെറ്റ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ കോൺഗ്രസ് സർക്കാരിന്റെ പരാജയമാണ് യുവതിയുടെ മരണത്തിന് കാരണം'
- ബണ്ടി സഞ്ജയ്,
കേന്ദ്രമന്ത്രി,ബി.ജെ.പി നേതാവ്.
`ദേശീയ അവാർഡ് ജേതാവായ അല്ലു അർജ്ജുനെ അറസ്റ്റ് ചെയ്തത് ഭരണം അരക്ഷിതാവസ്ഥയിലെത്തിയതിന് തെളിവ്'
-കെ.ടി.രാമറാവു
വർക്കിംഗ് പ്രസിഡന്റ്,
ബി.ആർ.എസ്
`അറസ്റ്റിന് പിന്നിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്'
-ലക്ഷ്മി പാർവതി,
വൈ.എസ്.ആർ.സി.പി നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |