വേൾഡ് സെന്റോസ (സിംഗപ്പൂർ) : ലോകചാമ്പ്യനെന്ന പകിട്ടുമായെത്തിയ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറനെ വീഴ്ത്തി ചെസിലെ പുതിയ രാജാവായി മാറിയ ഇന്ത്യൻ യുവസെൻസേഷൻ ഡി.ഗുകേഷിന്റെ പട്ടാഭിഷേകം ഇന്നലെ നടന്നു. ലോക ചെസ് ചാമ്പ്യൻഷിപ്പിലെ പുതിയ ചാമ്പ്യനുള്ള സ്വർണമെഡലും ട്രോഫിയും ഇന്നലെ മത്സരവേദിയായ വേൾഡ് സെന്റോസയിൽ നടന്ന സമാപനസമ്മേളനത്തിൽ ഗുകേഷ് ഏറ്റുവാങ്ങി.
സിംഗപ്പുർ ചെസ് ഫെഡറേഷൻ പ്രസിഡന്റ് സൂ ലീ യാങ് ഗുകേഷിന് സ്വർണ മെഡൽ സമ്മാനിച്ചു. ഫിഡെ പ്രസിഡന്റ് അർകാദി ജോർകോവിച്ച്, സിംഗപ്പുർ പാർലമെന്റ് അംഗം മുരളി പിള്ള എന്നിവർ ചേർന്ന് ഗുകേഷിനെ ഹാരം അണിയിച്ചു. അർകാദി ജോർകോവിച്ച് ട്രോഫിയും സമ്മാനിച്ചു. സമ്മാനദാനച്ചടങ്ങിൽ ഗുകേഷിന്റെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമുണ്ടായിരുന്നു.
ട്രോഫി അമ്മയ്ക്ക് നൽകി ഗുകേഷ്!
ലോക ചെസ് ചാമ്പ്യനുള്ള സമ്മാനം സ്വീകരിച്ച ശേഷം ഗുകേഷ് കൈയിലുണ്ടായിരുന്ന ലോക കിരീടം (ട്രോഫി) അമ്മ ജെ. പത്മകുമാരിയ്‌ക്ക് നൽകിയതും അമ്മ ആ ട്രോഫിയിൽ കണ്ണീരോടെ ചുംബിച്ചതും വികാരനിർഭരമായ കാഴ്ചയായി. സദസിൽ വന്നിരുന്ന ശേഷം ഗുകേഷ് തൊട്ടുപിന്നിലെ നിരയിലുണ്ടായിരുന്ന പിതാവ് ഡോ.രജനീകാന്തിന്റെ കൈയിലേക്ക് നൽകിയ ട്രോഫി അദ്ദേഹം പുറകിലെ നിരയിലുണ്ടായിരുന്ന പത്മകുമാരിയ്ക്ക് കൈമാറുകയായിരുന്നു. ട്രോഫിയിൽ ഒന്നു നോക്കിയശേഷം മകൻ നേടിയ ലോക കിരീടത്തിൽ ആ അമ്മ ചുംബിച്ചപ്പോൾ കണ്ടു നിന്നവർ കൈയടികളോടെ ആ നിമിഷം മനോഹരമാക്കി.
ലോക ചെസ് ചാമ്പ്യലെ നിർണായകമായ 14-ാം മത്സരം നടക്കുന്ന സമയത്ത് തന്റെ ഫോണും കമ്പ്യൂട്ടറും ഉപേക്ഷിച്ച് പ്രാർത്ഥനയോടെ ഇരിക്കുകയായിരുന്നു പത്മകുമാരി. പതിനാലാം മത്സരത്തിൽ ലിറനെ തോൽപ്പിച്ച് ഗുകേഷ് ലോക ചാമ്പ്യനായെന്ന വാർത്ത ഗുകേഷിന്റെ ആന്റിയാണ് പത്മകുമാരിയോട് പറഞ്ഞത്.മകൻ ലോകചാമ്പ്യനായതറിഞ്ഞപ്പോൾ ആദ്യം വിശ്വാസമായില്ലെന്നും പത്ത് മിനിട്ടോളം താൻ കരയുകയായിരുന്നുവെന്നുമാണ് മൈക്രോ ബയോളജിസ്റ്റായ പത്മകുമാരി പറഞ്ഞത്. ഇത് വളരെ സന്തോഷവും അഭിമാനകരവുമായ നിമിഷങ്ങളാണ്. അതിനൊപ്പം ഞങ്ങളുടെ കുടുംബത്തിന്റെ ത്യാഗങ്ങളുടേയും സമർപ്പണത്തിന്റെയും പ്രതിഫലമാണ് ഈ നിമിഷം. പ്രത്യേകിച്ച് അവന്റ അച്ഛന്റെ.- സിംഗപ്പൂരിലേക്ക് തിരിക്കും മുൻപ് പത്മകുമാരി പഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |