പാലക്കാട്: നാല് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ട കരിമ്പ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതമന്ത്രി കെബി ഗണേശ് കുമാർ ഇന്ന് അപകടസ്ഥലം സന്ദർശിക്കും. അപകട മേഖലയായ പ്രദേശത്ത് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കാൻ മന്ത്രി നേതൃത്വം നൽകും. ഇന്നലെ നടന്ന യോഗത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘവും സ്ഥലത്തെത്തും. യോഗത്തിൽ മുന്നോട്ടുവച്ച നിർദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾ ഇന്ന് നടക്കും.
അതേസമയം, വിവിധ രാഷ്ട്രീയ സംഘടനകൾ സ്ഥലത്ത് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. കോങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടക്കും. മുസ്ലീം യൂത്ത് ലീഗ് കോങ്ങാട് നിയോജക മണ്ഡലം നാഷണൽ ഹൈവേ റോഡ് ഉപരോധിക്കും.
വ്യാഴാഴ്‌ച വൈകിട്ടാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ആയിഷ, ഇർഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും പനയംപാടം സ്ഥിരം അപകട മേഖലയാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവർമാർക്കെതിരെ നരഹത്യയ്‌ക്ക് കേസെടുത്തിരുന്നു. ഇവരെ ഇന്നലെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |