ന്യൂഡൽഹി: വിമത സേനകൾ അധികാരം പിടിച്ചെടുത്ത സിറിയയിൽ നിന്ന് മടങ്ങാനാഗ്രഹിച്ച എല്ലാ പൗരന്മാരെയും ഇന്ത്യ ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. ചൊവ്വാഴ്ച മുതൽ സിറിയയിൽ നിന്ന് 77 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. മറ്റുള്ളവർ സിറിയയിൽ താമസമാക്കിയവരാണ്. ഇന്ത്യയിലേക്ക് മടങ്ങിവരാൻ അവർ താത്പര്യമറിയിച്ചാൽ അതിനുള്ള നടപടികൾ ഒരുക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
'സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെയും ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരാണ് ഒഴിപ്പിക്കലിന് നേതൃത്വം നൽകിയത്. ഒഴിപ്പിക്കപ്പെട്ടവരിൽ മിക്കവരും ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ശേഷിക്കുന്നവർ ഇന്നെത്തും. സിറിയയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം തുടരുന്നുണ്ട്." - ജയ്‌സ്വാൾ വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ അട്ടിമറിച്ച് വിമതസേന ഭരണം പിടിച്ചത്. അസദും കുടുംബവും റഷ്യയിൽ അഭയം തേടി. അതേ സമയം, ഡമാസ്‌കസ് അടക്കം സിറിയൻ നഗരങ്ങളിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. തെരുവുകളിൽ അസദ് ഭരണകൂടത്തിന്റെ വീഴ്ച ജനം ആഘോഷിക്കുന്നത് തുടരുന്നു.
ഇന്നലെ വെള്ളിയാഴ്ച പ്രാർത്ഥനകൾക്കായി പതിനായിരങ്ങളാണ് ഡമാസ്‌കസിലെ ഉമയാദ് പള്ളിയിൽ ഒത്തുകൂടിയത്. അതിനിടെ, സിറിയയിൽ അസദ് ഭരണകൂടത്തിന്റെ ആയുധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണങ്ങൾ തുടരുന്നതിൽ യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് ആശങ്ക രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |