ഹൈദരാബാദ്: കഴിഞ്ഞ ദിവസം നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നടന്റെ പുതിയ ചിത്രമായ പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടയിൽ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് വീട്ടമ്മ മരിച്ച സംഭവത്തെ തുടർന്നായിരുന്നു അറസ്റ്റ്. നടന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചെങ്കിലും ഇന്ന് രാവിലെയാണ് ജയിൽ മോചിതനായത്.
'മരിച്ച വീട്ടമ്മയുടെ മകൻ ഗുരുതര പരിക്കേറ്റ് കോമയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തീയേറ്ററിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിച്ചിരുന്നു. എന്നാൽ ഷോയ്ക്ക് അല്ലു അർജുൻ എത്തിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയായിരുന്നു. ഇതാണ് പ്രശ്നത്തിന് കാരണമായത്. അല്ലു സിനിമ കാണാൻ വേണ്ടി മാത്രമല്ല തീയേറ്ററിൽ വന്നത്. ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനായി നടൻ കാറിന്റെ സൺറൂഫിൽ നിന്ന് പുറത്തേക്ക് വരികയും ചെയ്തു. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയായി.
അല്ലുവിന്റെ ഭാര്യ സ്‌നേഹ റെഡ്ഡി തന്റെ ബന്ധുവാണ്. ഇത് അറസ്റ്റിനെ ബാധിച്ചിട്ടില്ല. നടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ ഇതിനകം തന്നെ നടന്നു. പക്ഷെ തിക്കിലും തിരക്കിലും മരണം സംഭവിച്ച സ്ത്രീയെക്കുറിച്ച് ഒരു ചർച്ചകളും നടന്നിട്ടില്ല. ഒരു പാവപ്പെട്ട കുടുംബത്തിനാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. കോമയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യം എന്നാണ് മെച്ചപ്പെടുക? ഇനിയുളള കാലം ആ കുട്ടി അമ്മയില്ലാതെ ജീവിക്കണ്ടേ. ഇവിടെയുളള സിനിമാതാരങ്ങളെല്ലാം പണം സമ്പാദിക്കുന്നുണ്ട്. സാധാരണക്കാർക്ക് അതിൽ കാര്യമില്ല. നിയമം അതിന്റെ വഴിക്ക് പോകും. കേസിന്റെ അന്വേഷണത്തിൽ ആരും ഇടപെടേണ്ട ആവശ്യമില്ല'- രേവന്ത് റെഡ്ഡി പറഞ്ഞു.
പരിപാടിയിൽ ഇഷ്ടതാരം ആരാണെന്ന് മുഖ്യമന്ത്രിയോട് ഒരാൾ ചോദിച്ചു. ഞാൻ തന്നെ ഒരു താരമാണ്. ഞാൻ ആരുടേയും ആരാധകനല്ല എന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |