തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവർ കോൺഗ്രസിലേക്ക് എത്താൻ നീക്കം നടത്തുന്നതായി സൂചന. സംസ്ഥാനത്ത് നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിപ്പോകാൻ വേണ്ടി അൻവർ ശ്രമം നടത്തുന്നതായാണ് സൂചന. ഇതിന് വേണ്ടി അൻവർ ഡൽഹിയിൽ എത്തി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. കെ സുധാകരന്റെ പിന്തുണ അൻവറിനുണ്ടെന്നാണ് വിവരം. കൂടാതെ കെസി വേണുഗോപാലുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
എന്നാൽ അൻവറിനെ കോൺഗ്രസിലേക്ക് സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് ചില നേതാക്കൾക്കും താൽപര്യമില്ലെന്നാണ് സൂചന. അതുകൊണ്ട് ഇവരുടെ നിലപാട് നിർണായകമാകും. അൻവറിനെ കൊണ്ടുവരാൻ ലീഗ് നേതൃത്വത്തിനും അനുകൂല സമീപനമല്ല. എന്നാൽ കോൺഗ്രസ് നേതൃത്വം ഇടപെട്ടാൽ ലീഗ് മയപ്പെട്ടേക്കുമെന്നാണ് അൻവറിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ കരുതുന്നത്.
അൻവറിനെ ഡിഎംകെ തള്ളിയതോടെ തൃണമൂൽ കോൺഗ്രസുമായും എസ്പിയുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ ഇതൊന്നും വിജയിക്കാത്ത സഹചാര്യം ഉടലെടുത്തതോടെയാണ് കോൺഗ്രസിലേക്ക് തന്നെ മടങ്ങിവരാൻ ശ്രമം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടത് സർക്കാരിനെതിരെയും അൻവർ വിമർശനം ഉയർത്തിയതിനെത്തുടർന്നാണ് എൽഡിഎഫിന്റെ ഭാഗമായിരുന്ന സ്വതന്ത്ര എംഎൽഎ പിവി അൻവർ പുറത്തായത്.
പിന്നാലെ ഡെമോക്രാറ്റിക്ക് മുവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പാർട്ടി രൂപീകരിച്ചു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ അൻവർ ശക്തി കാണിക്കാൻ ശ്രമിച്ചിരുന്നു. ചേലക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തിയ അൻവർ പാലക്കാടും വയനാടും യുഡിഎഫിന് പിന്തുണ നൽകുകയും ചെയ്തു. കെപിസിസി മുൻ സെക്രട്ടറി എൻകെ സുധീറിനെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചത്. നാലായിരത്തോളം വോട്ടുകളാണ് സുധീർ സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |