പാലക്കാട്: നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ പനയംപാടം റോഡപകടസ്ഥലം സന്ദർശിച്ച് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ. അപകടം നടന്നയിടത്ത് ഔദ്യോഗിക വാഹനം ഓടിച്ചുനോക്കി മന്ത്രി സുരക്ഷ പരിശോധിച്ചു. സ്വന്തം വണ്ടിയിൽ കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയും തിരികെയെത്തുകയും ചെയ്താണ് അദ്ദേഹം റോഡിന്റെ അവസ്ഥ പരിശോധിച്ചത്.
റോഡിൽ അടിയന്തരമായ നവീകരണം ആവശ്യമാണെന്ന് ഗണേശ് കുമാർ പറഞ്ഞു. ഇതിന് പണം വേണം. തുക ഹൈവേ അതോറിറ്റി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അവർ നൽകിയില്ലെങ്കിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടം നടന്ന പ്രദേശത്ത് കയറ്റം കയറി വരുന്ന സമയം ജംഗ്‌ഷനോട് അടുക്കുമ്പോൾ ഓടിക്കുന്നയാൾക്ക് സ്വാഭാവികമായും വണ്ടി വലത്തോട് പിടിക്കാനുള്ള പ്രവണതയുണ്ടാകുന്നുവെന്ന് സ്വന്തം വാഹനം ഓടിച്ചുനോക്കിയ മന്ത്രി വ്യക്തമാക്കി. 'വാഹനം ഓടിക്കുന്നവരെ തെറ്റ് പറയാനാകില്ല. റോഡ് നിർമിച്ചിരിക്കുന്നതിലെ അപാകതയാണ്. ഒരു വശത്ത് രണ്ട് വണ്ടിക്ക് പോകാനുള്ള സ്ഥലമുണ്ട്. എന്നാൽ മറുവശത്ത് ഒരു വണ്ടിക്ക് പോകാനുള്ള സ്ഥലമേയുള്ളൂ. സ്വാഭാവികമായും ഡ്രൈവർ സെൻട്രൽ ലൈൻ പിടിക്കുമ്പോൾ വണ്ടി വലത്തേയ്ക്ക് കയറിവരും. അങ്ങനെ വലത്തേയ്ക്ക് കയറിവന്ന ലോറിയുടെ പിൻഭാഗം സിമന്റുമായി വന്ന ലോറിയിൽ തട്ടുകയും ലോറി കുഞ്ഞുങ്ങളുടെ മേൽ മറിയുകയുമായിരുന്നു.
പാലക്കാട് നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്ന ഭാഗത്ത് റോഡിന് വീതി കുറവാണ്. അതിനാൽ ആദ്യം ചെയ്യാൻ പോകുന്നത് മാർക്കിനെ രണ്ടുമീറ്റർ മാറ്റി നടുവിലൂടെ ഡിവൈഡർ വയ്ക്കുക എന്നതാണ്. ഓട്ടോസ്റ്റാൻഡിനെ ഇടതുവശത്തേയ്ക്ക് മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകും. വണ്ടി തെറ്റുന്നതിന് അടിസ്ഥാനപരമായ പരിഹാരം ഉണ്ടാക്കണം. അതിനായി നാഷണൽ ഹൈവേ അതോറിറ്റിയുമായി സംസാരിക്കും. പിഡബ്ള്യുഡി മന്ത്രിയുമായി കൂടിയാലോചിച്ചതിനുശേഷം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്, ട്രാൻസ്‌പോർട്ട് കമ്മിഷണർ അടക്കം ഉള്ളവരെ അടുത്ത ചൊവ്വാഴ്‌ച തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിക്കും.
2021ൽ ശാന്തകുമാരി എംഎൽഎയുടെ പരാതി ലഭിച്ചിരുന്നു. മുൻമന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടർന്ന് അദ്ദേഹം അപകടമേഖലയിൽ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. അന്നത്തെ ശുപാർശകൾ ഒന്നും നാഷണൽ ഹൈവേ അതോറിറ്റി അംഗീകരിച്ചിരുന്നില്ല. അവർ ചെയ്ത നിർമാണത്തിന്റെ അപാകതയാണ് അപകടത്തിന് കാരണമായത്. നാട്ടുകാർക്ക് പറയാനുള്ളതുകൂടി കേട്ട് നാഷണൽ ഹൈവേ അതോറിറ്റിയുമായി ചർച്ച നടത്തും. അവർ പണം അനുവദിക്കാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ റോഡ് സേഫ്‌ടി അതോറിറ്റി ഫണ്ടിൽ നിന്ന് പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ആവശ്യമായ പണം അനുവദിച്ചുതരും'- മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |