ന്യൂഡൽഹി: ഇലക്‌ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള 'റേഞ്ച് ആശങ്ക' (Range Anxiety) പതിയെ ഇല്ലാതാകുന്നുവെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. രാജ്യത്തെ ദേശീയ പാതകളിൽ ഇവി ചാർജിംഗ് സൗകര്യങ്ങളോടുകൂടിയ 770 അമിനിറ്റി സെന്ററുകൾ ദേശീയപാത അതോറിറ്റി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്‌ട്രിക് വാഹനങ്ങൾ റോഡിൽ നിന്നുപോയാൽ വണ്ടി തള്ളാൻ നിങ്ങൾ വരുമോ എന്നൊക്കെയായിരുന്നു ആദ്യകാലത്ത് ആളുകൾ ചോദിച്ചിരുന്നത്. ഇപ്പോഴത്തെ എല്ലാ കാറുകളും ഒറ്റച്ചാർജിൽ 250-300 കിലോമീറ്റർവരെ ഓടുന്നു. ഏതെങ്കിലും ഇ വികൾ ചാർജ് തീർന്ന് വഴിയിൽ കിടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോയെന്നും നിതിൻ ഗഡ്‌കരി ചോദിച്ചു.
'എഥനോൾ, മെഥനോൾ, ഹരിത ഇന്ധനം എന്നിവയുൾപ്പെടുന്ന ഫ്ളക്‌സ് ഫ്യുവൽ വാഹനങ്ങൾ ഇന്ത്യയിൽ വളരും. നിരവധി വാഹന നിർമാതാക്കൾ ഇത്തരം വാഹനങ്ങൾ വിപണിയിലിറക്കാൻ കാത്തിരിക്കുകയാണ്. ഒന്നിലേറെ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന ഇന്റേണൽ കമ്പഷൻ എഞ്ചിനുകളാണ് ഫ്ളക്‌സ് എഞ്ചിനുകൾ. പെട്രോളിനൊപ്പം മെഥനോൾ അല്ലെങ്കിൽ എഥനോൾ പോലുള്ള വസ്തുക്കൾ കൂട്ടിക്കലർത്തിയാണ് ഇതിനുള്ള ഫ്ളക്‌സിബിൾ ഇന്ധനം തയ്യാറാക്കുന്നത്. രാജ്യത്ത് മെഥനോൾ ട്രക്കുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. ഡീസലിൽ 15 ശതമാനം മെഥനോൾ ചേർക്കുന്നത് സംബന്ധിച്ച നയരൂപീകരണത്തിന് സർക്കാർ ശ്രമിക്കുകയാണ്. ഡീസലിനേക്കാള്‍ നാലിലൊന്ന് വിലയ്ക്ക് മെഥനോള്‍ കിട്ടുമെന്നതിനാല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഏറെ ഉപയോഗകരമായ കാര്യമാണിത്. 75 ലക്ഷം കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്'- കേന്ദ്രമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |