കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർക്ക് എട്ടര വർഷം കഠിന തടവിനും 30,000രൂപ പിഴയൊടുക്കുന്നതിനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചു.
കള്ളിക്കാട് മുകുന്ദറ മൈലക്കര രണ്ടാംതോട് എം.എസ് ഭവനിൽ മേരീദാസിനെയാണ് (59) പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം അധിക കഠിനതടവ് അനുഭവിക്കേണ്ടിവരുമെന്നും വിധി ന്യായത്തിൽ പറയുന്നു.
14 വയസുകാരിയെ പ്രതിയുടെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി പെട്രോൾ പമ്പിൽ വച്ച് ഉപദ്രവിച്ചു, തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴി അശ്ലീലച്ചുവയോടെ സംസാരിക്കുകയും ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ കുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്നുമാണ് കേസ്. സംഭവത്തെ തുടർന്ന് കുട്ടി വീട്ടിലെത്തി മാതാവിനോട് വിവരം പറയുകയും ഇവർ നെയ്യാർഡാം പൊലീസിൽ പരാതി നൽകുകയുമായിരുന്നു.തുടർന്ന് അതിജീവിത പട്ടികജാതിയിൽപ്പെട്ട ആളായതിനാൽ കേസിന്റെ അന്വേഷണം കാട്ടാക്കട ഡിവൈ.എസ്.പി നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
21 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു.അന്നത്തെ കാട്ടാക്കട ഡിവൈ.എസ്.പി അനിൽകുമാറാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |