വെള്ളറട: കയറ്റിയിറക്ക് തർക്കത്തിൽ വ്യാപാര സ്ഥാപന ഉടമയെ യൂണിയൻ തൊഴിലാളികൾ മർദ്ദിച്ചതായി പരാതി. അരുവോട്ടുകോണത്ത് എസ്.ടി വയർലെറ്റിംഗ് സ്ഥാപന ഉടമ പനച്ചമൂട് വേങ്കോട് വടക്കുംകര പുത്തൻവീട്ടിൽ സുനിൽ കുമാർ (41) നെയാണ് ബി.എം.എസ്, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു യൂണിയനിൽപ്പെട്ട തൊഴിലാളികൾ സംയുക്തമായി മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ ഇയാൾ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സിമന്റ് വേലിക്കല്ല് നിർമ്മിച്ച് വിൽക്കുന്നതാണ് സ്ഥാപനം. കയറ്റിയിറക്ക് സംബന്ധിച്ച് സ്ഥലത്തെ തൊഴിലാളി യൂണിയനുമായി നേരത്തേ വാക്കുതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും യൂണിയൻ നേതാക്കളുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ അന്ന് ചർച്ച നടത്തിയിരുന്നു. സ്ഥാപനത്തിൽ ജോലിചെയ്യുന്ന തൊഴിലാളിക്ക് ലേബർ കാർഡ് ലഭിക്കുന്നതിനുവേണ്ടി നെയ്യാറ്റിൻകര ലേബർ ഓഫീസിൽ മാസങ്ങൾക്കു മുമ്പ് അപേക്ഷ നൽകിയിരുന്നു.
സംഭവത്തിൽ ഏഴ് തൊഴിലാളികൾക്കെതിരെ വെള്ളറട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ യൂണിയൻ പ്രശ്നം സംസാരിക്കാൻ മാത്രമാണ് സ്ഥാപനത്തിലെത്തിയതെന്നും ഉടമയെ മർദ്ദിച്ചിട്ടില്ലെന്നും സുനിൽകുമാറാണ് യൂണിയൻ പ്രവർത്തകരെ മർദ്ദിച്ചതെന്നും തൊഴിലാളികൾ ആരോപിച്ചു. അതേസമയം, സ്ഥാപനഉടമയെ ആക്രമിച്ച സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |