ചുണ്ടേൽ: ഓട്ടോ ഡ്രൈവർ നവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച രാവിലെ 11 മണിയോടെ വൈത്തിരി സി.ഐ പി. വിശ്വംഭരന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികൾക്ക് നേരെ നവാസിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ചുണ്ടേൽ ഫാക്ടറിക്ക് സമീപത്തെ ഇറക്കത്തിൽ വാഹനാപകടം ഉണ്ടാക്കി കൊലപാതകം നടത്തിയ സ്ഥലത്താണ് പ്രതികളായ സുമിൻഷാദ്, സഹോദരൻ അജിൻഷാദ് എന്നിവരെ ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. അപകടം നടന്ന സ്ഥലം പ്രതികൾ വാഹനത്തിൽ നിന്നുതന്നെ ചൂണ്ടിക്കാണിച്ചു. തുടർന്ന് പ്രതികളെ ചുണ്ടേൽ തോട്ടത്തിലെ ജുമാമസ്ജിദിന് സമീപത്ത് എത്തിച്ചു. ഇവിടെ നവാസ് ഓട്ടോറിക്ഷയുമായി വരുന്നതുവരെ പ്രതി സുമിൻഷാദ് ജീപ്പിൽ കാത്തുനിന്നിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ സുമിൻഷാദ് ജീപ്പിൽ ഇരിക്കുന്ന സി.സി.ടി.വി ദൃശ്യ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യമാണ് കേസിന് വഴിത്തിരിവ് ഉണ്ടായത്. ഈ സ്ഥലത്തായിരുന്നു പിന്നീട് തെളിവെടുപ്പ്. പ്രതികളെ വാഹനത്തിൽ നിന്നും പുറത്തിറക്കി തെളിവെടുപ്പ് നടത്തി. ഇതിനിടയിൽ നവാസിന്റെ ബന്ധുക്കൾ പ്രതികൾക്ക് നേരെ തിരിഞ്ഞു. ആ പാവം മനുഷ്യൻ എന്തു തെറ്റാണ് നിങ്ങളോട് ചെയ്ത തെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. തുടർന്ന് വീണ്ടും അപകടമുണ്ടാക്കിയ സ്ഥലത്തേക്ക് തന്നെ പ്രതികളെ വീണ്ടും കൊണ്ടുവന്നു. രണ്ടുപേരെയും റോഡിൽ നടത്തിച്ച് നടന്ന കാര്യങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. ചൂണ്ടൽ ടൗണിലും പ്രതികളുമായി തെളിവെടുപ്പ് നടത്തി ഇവിടെയും പ്രതികൾക്ക് നേരെ പ്രതിഷേധം ഉയർന്നു. നവാസ് ഓട്ടോറിക്ഷയുമായി ചുണ്ടേൽ ടൗണിൽ നിന്നും പുറപ്പെടുന്നത് സഹോദരൻ കൂടിയായ പ്രതി സുമിൻഷാദിനോട് അജിൻഷാദ് വിളിച്ചുപറഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്. കനത്ത പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
ഡിസംബർ 2ന് രാവിലെയാണ് ചുണ്ടലിലെ ഓട്ടോ ഡ്രൈവറായ നവാസ് കൊല്ലപ്പെടുന്നത്. വ്യക്തി വൈരാഗ്യത്തെ തുടർന്ന് നവാസ് ഓടിച്ച ഓട്ടോറിക്ഷയിൽ ജീപ്പുമായി കൂട്ടിയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്ന് കോടതിയിൽ വീണ്ടും ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |