കോട്ടയം : മദ്ധ്യതിരുവിതാംകൂറിന് പുത്തൻ ഷോപ്പിംഗ് അനുഭവം സമ്മാനിച്ച് ലുലുമാൾ കോട്ടയം മണിപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ആമുഖ പ്രസംഗം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എം.പിമാരായ ജോസ് കെ.മാണി, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കൗൺസിലർ ഷീനാ ബിനു, സന്തോഷ് ജോർജ് കുളങ്ങര എന്നിവർ പങ്കെടുത്തു. ലുലു എക്സിക്യുട്ടീവ് ഡയറക്ടർ എം.എ അഷ്റഫ് അലി സ്വാഗതവും, സി.ഇ.ഒ എം.എ.നിഷാദ് നന്ദിയും പറഞ്ഞു.
എല്ലാം ഒരു കുടക്കീഴിൽ
രണ്ടുനിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് മാൾ. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ് മുഖ്യആകർഷണം. വിവിധയിനം ബ്രാൻഡുകൾ, ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ മൾട്ടി ലെവൽ സംവിധാനമുണ്ട്.
കേരളം മുതിർന്ന പൗരന്മാരുടെ സ്വർഗമാകരുത് : യൂസഫലി
കേരളം മുതിർന്ന പൗരന്മാരുടെ സ്വർഗമായി മാറരുതെന്ന് എം.എ. യൂസഫലി പറഞ്ഞു. നമ്മുടെ ചെറുപ്പക്കാർ വിദേശത്തേക്ക് പോകുകയാണ്. കേരളത്തിൽ പുതിയ പദ്ധതികൾ വരണം. പഴയ നിയമങ്ങൾ മാറി പുതിയവ വരണം, വാണിജ്യ പദ്ധതികൾ വരണം. പണം സമ്പാദിക്കാൻ വേണ്ടിയുള്ള ഒരു ഹൈപ്പർ മാർക്കറ്റല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തിന് ലുലു ഗ്രൂപ്പിന്റെ ക്രിസ്മസ് സമ്മാനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |