ന്യൂഡൽഹി: താങ്ങുവിലയ്‌ക്ക് നിയമ പിന്തുണ അടക്കം ആവശ്യപ്പെട്ടുള്ള കർഷക മാർച്ച് ഡൽഹി ശംഭു അതിർത്തിയിൽ പൊലീസ് തടഞ്ഞു. പൊലീസ് കണ്ണീർവാതകത്തിലും ജലപീരങ്കിയിലും 17 കർഷകർക്ക് പരിക്കേറ്റു. തുടർന്ന് മാർച്ച് നിറുത്തിവച്ചു. നാളെ രാജ്യവ്യാപകമായി ട്രാക്ടർ മാർച്ചും ബുധനാഴ്ച പഞ്ചാബിൽ റെയിൽ ഉപരോധവും നടത്തുമെന്ന് കിസാൻ മസ്ദൂർ മോർച്ച (കെ.എം.എം) നേതാവ് സർവാൻ സിംഗ് പന്ദർ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12ന് 'ഡൽഹി ചലോ" മാർച്ച് നടത്തിയ 101 കർഷകരെയാണ് പൊലീസ് തടഞ്ഞത്. പരിക്കേറ്റ കർഷകർക്ക് ആശുപത്രിയിൽ ശരിയായ ചികിത്സ ലഭ്യമായില്ലെന്ന് പന്ദർ ആരോപിച്ചു. റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ചതായും ഒരു കർഷകന് ഗുരുതരമായി പരിക്കേറ്റതായും കർഷക നേതാവ് മഞ്ജിത് സിംഗ് റായ് പറഞ്ഞു. ജലപീരങ്കികളിൽ രാസവസ്തു കലർന്ന വെള്ളമാണ് ഉപയോഗിച്ചതെന്ന ആരോപണം അംബാല കാന്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തള്ളി.
ഇന്റർനെറ്റ് വിച്ഛേദിച്ചു
6, 8 തീയതികളിൽ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ചും പൊലീസ് തടഞ്ഞിരുന്നു. കർഷകർക്ക് ഡൽഹിയിലേക്ക് മാർച്ച് നടത്താൻ അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞു. അനുമതി കിട്ടിയാൽ പോകാൻ അനുവദിക്കും. സമാധാനപരമായി ഇരുന്ന് ധർണ നടത്താമെന്ന് പൊലീസ് പറഞ്ഞെങ്കിലും കർഷകർ ചെവിക്കൊണ്ടില്ല. സമരത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്നലെ രാവിലെ 6 മുതൽ ചൊവ്വാഴ്ച വരെ അംബാലയിലും പരിസരപ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു.
രാഷ്‌ട്രീയ നേതാക്കൾ ഡൽഹിയിൽ സമരത്തിന് പോകാൻ അനുമതി തേടാറുണ്ടോ. ഒരുവശത്ത് കർഷകരെ തടയുന്നില്ലെന്ന് സർക്കാർ പറയുന്നു, മറുവശത്ത് കണ്ണീർവാതകവും മറ്റും പ്രയോഗിക്കുന്നു. പാകിസ്ഥാൻ അതിർത്തി പോലെയാണിവിടെ. കർഷകർക്ക് താങ്ങുവില മാത്രമേ വേണ്ടൂ.
- ബജ്‌റംഗ് പൂനിയ, കോൺഗ്രസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |