ഹൈദരാബാദ്: ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഒരു രാത്രി മുഴുവൻ ജയിലിൽ കഴിയേണ്ടി വന്ന തെലുങ്ക് സൂപ്പർതാരം അല്ലു അർജ്ജുൻ ഇന്നലെ രാവിലെയോടെ മോചിതനായി. അതുവരെ നടന്നത് നാടകീയ സംഭവങ്ങൾ.
തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചപ്പോൾ ഉടൻ പുറത്തിറങ്ങുമെന്ന് കരുതിയെങ്കിലും നടന്നില്ല. ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിക്കാതെ വന്നതോടെ ജയിൽവാസം ഉറപ്പിച്ചു. ജയിലിനുപുറത്ത് കാത്തുനിന്ന അല്ലുവിന്റെ പിതാവ് അല്ലു അരവിന്ദ് വീട്ടിലേക്ക് മടങ്ങി. അപ്പോഴും പ്രതിഷേധവുമായി ആരാധകർ കാത്തുനിന്നു. സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തെത്തി. ഒടുവിൽ ഇന്നലെ രാവിലെ ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് ലഭിച്ചതോടെ മോചനം.
സ്വന്തം നിർമ്മാണ കമ്പനിയായ ഗീത ആർട്സിന്റെ ഓഫീസിലെത്തിയ ശേഷം അല്ലു വീട്ടിലേക്ക്. ഓടിയെത്തിയ മകൻ അയാനെ എടുത്തുയർത്തി. ഭാര്യ സ്‌നേഹ റെഡ്ഡി ആലിംഗനം ചെയ്തു. മകൾ അർഹ സന്തോഷത്താൽ തുള്ളിച്ചാടി. ബന്ധുക്കൾ ആരതി ഉഴിഞ്ഞ് അല്ലുവിനെ സ്വീകരിച്ചു.
തെറ്റ് ചെയ്തിട്ടില്ല. നിയമം പാലിക്കുന്ന പൗരനാണ് ഞാൻ. അന്വേഷണവുമായി സഹകരിക്കും. നിയമത്തിൽ പൂർണമായും വിശ്വാസമുണ്ട്. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. മരിച്ച യുവതിയുടെ കുടുംബത്തിനുവേണ്ടി സാദ്ധ്യമായതെല്ലാം ചെയ്യും. കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി. ഞാനും കുടുംബവും നേരിട്ടത് വലിയ വെല്ലുവിളിയാണ്
- അല്ലു അർജ്ജുൻ
(ജയിൽ മോചിതനായ ശേഷം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |