ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം 'പുഷ്പ 2' പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സന്ധ്യ തിയേറ്റർ മാനേജ്‌മെന്റിന് ഹൈദരാബാദ് പൊലീസ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ഡിസംബർ 12നാണ് നോട്ടീസ് നൽകിയതെന്നാണ് വിവരം. തിയേറ്റർ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ 11 വീഴ്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പൊലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഡിസംബർ നാലിന് രാത്രി നടൻ അല്ലു അർജുൻ എത്തിയ വിവരം ലോക്കൽ പൊലീസിനെ അറിയിക്കുന്നതിൽ തിയേറ്റർ മാനേജ്‌മെന്റ് പരാജയപ്പെട്ടതുൾപ്പെടെ നിരവധി കാര്യങ്ങളാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.
അല്ലു അർജുൻ അടക്കമുള്ള പ്രധാന അഭിനേതാക്കൾ എത്തുമ്പോൾ ജനം തടിച്ചുകൂടുമെന്ന് അറിയാമായിരുന്നിട്ടും, മാനേജ്‌മെന്റ് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയില്ലെന്നും നോട്ടീസിലുണ്ട്. സിനിമ കാണാനെത്തുന്നവർക്കായി എൻട്രി, എക്സിറ്റ് പോയിന്റുകൾ പ്രദർശിപ്പിക്കുന്ന ശരിയായ സൈൻ ബോർഡുകൾ ഇല്ലായിരുന്നു.
കൂടാതെ, തിയേറ്ററിന് പുറത്ത്, നിയമവിരുദ്ധമായി വലിയ ഫ്‌ളെക്സുകൾ സ്ഥാപിക്കുകയും, ഇതുവഴി ആരാധകർ കൂടാൻ മാനേജ്‌മെന്റ് പ്രോത്സാഹിപ്പിച്ചതായും നോട്ടീസിൽ ആരോപിക്കുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രധാന ഗേറ്റുകളിൽ മതിയായ സുരക്ഷ ഒരുക്കിയില്ല. ഇതും അനിഷ്ട സംഭവങ്ങളുണ്ടാകാൻ കാരണമായെന്ന് നോട്ടീസിൽ പറയുന്നു.
ഇത്രയും വീഴ്ചകൾ സംഭവിച്ചിട്ടും, സിനിമട്ടോഗ്രാഫ് ലൈസൻസ് റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോയെന്നും നോട്ടീസിൽ ചോദിക്കുന്നു. പത്ത് ദിവസത്തിനുള്ളിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള തുടർനടപടി സ്വീകരിക്കും.
ഡിസംബർ നാലിനാണ് അല്ലു അർജുന്റെ ആരാധിക കൂടിയായ മുപ്പത്തിയഞ്ചുകാരി തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകന് അൽപം മുമ്പ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |