ചുമർചിത്രത്തിൽ വിസ്മയം തീർക്കുകയാണ് സുലോചന മാഹി. ചുമർചിത്രം സുലോചനയ്ക്ക് കല മാത്രമല്ല കാരുണ്യ പ്രവർത്തനം കൂടിയാണ്. 12വർഷമായി അതു നിർത്താതെ തുടരുന്നു.
2013ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് അന്നത്തെ സൂപ്രണ്ട് ഇൻചാർജ് അശോകൻ അരിപ്പ പച്ചക്കൊടി കാണിച്ചതോടെ ആരംഭിച്ച കാരുണ്യ പ്രവർത്തനം മൂന്ന് വർഷം പിന്നിട്ടപ്പോൾ തടവറയിൽ നിന്ന് സമൂഹത്തിന് ഒരു ചിത്രകലാ അദ്ധ്യാപികയെ കിട്ടി. രണ്ടാമത്തെ യാത്ര തലശ്ശേരി കാൻസർ സെന്ററിലേക്കായിരുന്നു. ആശുപത്രി സൂപ്രണ്ട് സതീഷ് ബാലസുബ്രഹ്മണ്യത്തിന്റെ പിന്തുണ കൂടിയായപ്പോൾ രോഗത്തെ ജയിച്ചവരും രോഗത്തെ തോൽപ്പിക്കാനായി ശ്രമിക്കുന്നവരുമായ 20ഓളം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു. ഇതിൽ 68 മുതൽ 16 വയസ് വരെയുള്ളവർ ഉണ്ടെന്നതും അവരുടെ ചിത്രങ്ങളും ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന പ്രദർശന മേളയിൽ പെടുത്തിയിട്ടുണ്ടെന്നതും എടുത്തു പറയേണ്ടതാണ്.
എൻഡോസൾഫാൻ ബാധിതരായ കുഞ്ഞുങ്ങൾ, അനാഥാലയങ്ങൾ, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി, മാഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ത്രീ ശാക്തീകരണ സൊസൈറ്റിയായ ആശ്രയ സൊസൈറ്റിയുടെ കീഴിൽ ചിത്ര പരിശീലനം നേടിയവർ, സാമ്പത്തിക ചുറ്റുപാടുകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾ എന്നിങ്ങിനെ സമൂഹത്തിന്റെ നാനാ തുറകളിലുള്ള സഹോദരങ്ങളുടെ ചിത്രങ്ങളും വളരെ കുറഞ്ഞ വിലയിൽ ഇവിടെ ലഭിക്കുന്നു. ചുമർ ചിത്രങ്ങളുടെ പ്രചരണവും, അതിലൂടെ തന്റെ കുട്ടികൾക്കുള്ള സാമ്പത്തിക നേട്ടവുമാണ് സുലോചനയുടെ ലക്ഷ്യം.
മാഹി പള്ളൂർ സ്വദേശിയായ സുലോചന കക്കോട്ടിടത്തിൽ വേലായുധൻ നമ്പ്യാരുടെയും രാജേശ്വരി അമ്മയുടെയും അഞ്ചു മക്കളിൽ മൂത്തയാളും വടകര പഴങ്കാവ് കൊളക്കോട്ടു സുനിൽ കുമാറിന്റെ ഭാര്യയുമാണ്. നർത്തകിയും ചിത്രകാരിയുമായ ശുഭശ്രീ ഏക മകളാണ്.
തലശ്ശേരി തിരുവങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്രം, മാഹി ജവർലാൽ നെഹ്രു ഹയർ സെക്കൻഡറി സ്‌കൂൾ, മാഹി മിഡിൽ സ്‌കൂൾ, കണ്ണൂർ ഡി.എസ്.സി സെന്റർ, സെൻട്രൽ ജയിലിൽ, മാഹി അഡ്മിനിസ്‌ട്രേറ്റർ ചേംബർ, കേരള ഗാന്ധി കെ.കേളപ്പന്റെ തറവാട് വീട്, മലബാർ കാൻസർ സെന്റർ എന്നിവിടങ്ങളിൽ സുലോചന വരച്ച ചിത്രങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |