ശിവഗിരി തീർത്ഥാടനം തീർത്ഥാടനങ്ങൾക്കെല്ലാം മഹനീയ മാതൃകയാണ്. വൈവിദ്ധ്യങ്ങളാർന്ന തീർത്ഥാടന കേന്ദ്രങ്ങൾ ലോകത്ത് ഒട്ടനവധിയുണ്ട്. ഏതെങ്കിലും ഒരു ആദ്ധ്യാത്മിക പുരുഷന്റെ വിശുദ്ധ ജീവിതവുമായി ബന്ധപ്പെട്ടാണ് ഇതൊക്കെത്തന്നെയും അറിയപ്പെടുന്നത്. ഒട്ടുമിക്ക തീർത്ഥാടന കേന്ദ്രങ്ങളും ജാതിമത വ്യക്തിഗത വിശ്വാസത്തിലധിഷ്ഠിതവുമാണ്. ഇത്തരം വിശ്വാസങ്ങൾക്കപ്പുറത്ത് ഉന്നതമായ അറിവിന്റെ ശോഭനമായ നേർക്കാഴ്ചയിലേക്ക് മാനവ സമൂഹത്തെ കൊണ്ടുചെന്നെത്തിക്കുക എന്ന ചിന്തയാണ് ശിവഗിരി തീർത്ഥാടനത്തിന് അനുമതി കൊടുത്ത സന്ദർഭത്തിൽ തീർത്ഥാടന ലക്ഷ്യസാക്ഷാത്ക്കാരത്തിന് ഗുരു നൽകിയ വ്യക്തമായ സന്ദേശം. ഒരു തീർത്ഥാടനം എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നതിന് വേണ്ടുന്ന അറിവുകളെ ലോകത്തിന് ആദ്യമായി പകർന്നു നൽകിയത് ശ്രീനാരായണ ഗുരുദേവനാണ്. ഒരു വ്യക്തിജീവന്റെ സമഗ്രപുരോഗതി ഇഹത്തിലും പരത്തിലും ശരിയായ വിദ്യകൊണ്ട് സമ്പന്നമാകണം. ആയതിലേക്ക് വെളിച്ചം വീശുന്ന അറിവുകളാണ് തീർത്ഥാടന ലക്ഷ്യമായി ഗുരു അവതരിപ്പിച്ച - വിദ്യാഭ്യാസം, ശുചിത്വം ഈശ്വരഭക്തി, കൃഷി, കച്ചവടം, സംഘടന, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനം തുടങ്ങിയവ. യോഗസൂത്രത്തിൽ പതഞ്ജലി മഹർഷി നിർദ്ദേശിക്കുന്ന യോഗസിദ്ധികൊണ്ട് ഒരു മനുഷ്യന് ലഭിക്കുന്ന അമാനുഷിക പ്രഭാവങ്ങളാണ് അണിമാദി ഐശ്വര്യ സിദ്ധികൾ. എന്നാൽ കേവലം വിശ്വാസത്തിലധിഷ്ഠിതമായി ഒതുങ്ങുന്ന ഇത്തരം സിദ്ധിവിശേഷങ്ങൾ ഒന്നും തന്നെ അടിസ്ഥാനപരമായി ഒരു മനുഷ്യനെ പാകപ്പെടുത്താൻ പര്യാപ്തമല്ലെന്ന ബോധം ആധുനിക ഋഷിയായ ഗുരുവര്യനുണ്ടായിരുന്നു. ഈ ഭൂമിയിൽ വന്നു കടന്നു പോകുന്ന തലമുറകൾക്ക് ഭാസുരമായ ഒരു ജീവിതം കരുപ്പിടിപ്പിക്കാൻ കാലം കരുതിവച്ച അർത്ഥപൂർണ്ണമായ ഐശ്വര്യ സിദ്ധികളാണ് ഗുരു വിഭാവനം ചെയ്ത് തീർത്ഥാടന ലക്ഷ്യമായി അവതരിപ്പിച്ച അറിവുകൾ. അർത്ഥശൂന്യമായ തീർത്ഥയാത്രകൾ കൊണ്ട് മനുഷ്യന് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ലെന്നും അത് വെറും കാഴ്ചകളിലും ധനനഷ്ടത്തിലും ഒതുങ്ങിപ്പോവുകയേ ഉള്ളൂവെന്നും ഗുരുവര്യൻ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. മനുഷ്യകുലത്തിന്റെയും ലോകത്തിന്റെയും ശാശ്വതമായ നിലനിൽപ്പിനും സമാധാനത്തിനും സമഗ്രപുരോഗതിക്കും വേണ്ടി ഏതുകാലത്തിനും യോജിച്ച, കാലത്തിനതീതമായ അറിവാകുന്ന നന്മയുടെ അഷ്ടദീപങ്ങളെ പ്രദാനം ചെയ്ത് നമ്മെയൊക്കെ അനുഗ്രഹിച്ച് നേരാംവഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന മഹാഗുരുവിനെ നന്ദിയോടെ പ്രണമിക്കാം.
( തയ്യാറാക്കിയത് : സജിനായർ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |