തിരുവനന്തപുരം: പുതുവത്സര വിപണിയിൽ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. മാനദണ്ഡങ്ങൾ പാലിക്കാത്ത 49 സ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചു. 343 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. 306 സ്റ്റ്യാറ്റ്യൂട്ടറി സാമ്പിളുകളും 743 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു.
സംസ്ഥാനത്ത് 252 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 2,861 പരിശോധനകൾ പൂർത്തിയാക്കിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേക്ക്, വൈൻ, ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറികൾ, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ട്. കേക്ക്, നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ആൽക്കഹോളിക് ബിവറേജ്, ഐസ്ക്രീം, ശർക്കര, വെളിച്ചെണ്ണ, മത്സ്യ, മാംസ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളടക്കം പരിശോധിച്ചു.
പുതുവർഷ ആഘോഷം:
പൊലീസിന്റെ കർശന
പരിശോധന
തിരുവനന്തപുരം: പുതുവർഷ ആഘോഷത്തിൽ ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പിയുടെ നിർദ്ദേശം. ഷോപ്പിംഗ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻുകൾ എന്നിവിടങ്ങളിൽ പൊലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കും. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന സ്ഥലങ്ങളിൽ പരിശോധനയ്ക്ക് സ്പെഷ്യൽ ടീമുകളുണ്ടാവും. ടൂറിസം കേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണമുണ്ട്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങൾ എന്നിവ കണ്ടെത്തും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങൾക്കും വനിതകൾക്കും വിദേശികൾക്കും സുരക്ഷ ഉറപ്പാക്കും. കടലിൽ കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവ പട്രോളിംഗ് നടത്തും. വാഹനങ്ങൾ പാർക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവർ തങ്ങളുടെ മൊബൈൽ നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കണം.
ജോലിക്ക് ഹാജരാകാത്ത
61 സ്റ്റാഫ് നഴ്സുമാരെ
പിരിച്ചുവിട്ടു
തിരുവനന്തപുരം : അഞ്ചു വർഷമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയിൽ തുടരുന്ന, മെഡിക്കൽ കോളേജുകളിലെ 61 സ്റ്റാഫ് നഴ്സുമാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു. അനധികൃതമായി വിട്ടുനിൽക്കുന്ന 216 നഴ്സുമാർക്ക് നോട്ടീസ് നൽകിയെങ്കിലും ആരും പ്രതികരിച്ചില്ല.ഇപ്പോൾ പുറത്താക്കിയ 61 പേർ പ്രൊബേഷൻ പൂർത്തീകരിച്ചിരുന്നില്ല. എല്ലാവരും വിദേശത്ത് ജോലിയ്ക്ക് കയറിയെന്നാണ് സർക്കാർ വിലയിരുത്തൽ.
മുൻകാലങ്ങളിൽ 20 വർഷം വരെ ശമ്പളമില്ലാ അവധിയെടുത്ത് വിദേശത്തും മറ്റും ജോലി ചെയ്ത ശേഷം, വിരമിക്കുന്നതിന് തൊട്ടുമുൻപ് സർവീസിൽ തിരിച്ചുകയറി പെൻഷൻ വാങ്ങുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പരമാവധി അഞ്ചു വർഷമേ ശൂന്യവേതന അവധി എടുക്കാൻ സാധിക്കൂ. 36 ഡോക്ടർമാരെ ഈ മാസം പിരിച്ചുവിട്ടിരുന്നു. അനധികൃതമായി വിട്ടുനിൽക്കുന്ന 410 പേരെ പിരിച്ചുവിടാൻ നടപടി തുടങ്ങിയിട്ടുണ്ട്. പ്രൊബേഷനിലുള്ളവരും അല്ലാത്തവരുമായി ആരോഗ്യ വകുപ്പിൽ മാത്രം 600 ഡോക്ടർമാർ ഇങ്ങനെ വിട്ടുനിൽക്കുന്നു. മെഡിക്കൽ കോളേജുകളിൽ മതിയായ ജീവനക്കാരില്ലാതെ സാഹചര്യത്തിൽ ജോലിയുള്ളവർ അവധിയെടുത്താൽ പകരം നിയമനവും നടത്താനാകാത്ത സ്ഥിതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |