തിരുവനന്തപുരം: ലക്ഷക്കണക്കിനുപേർ ജോലിക്ക് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി കഴിഞ്ഞഅഞ്ചുവർഷം നടന്ന നിയമങ്ങൾ കേവലം 37,000 മാത്രം. അതേസമയം, ഓരോ വർഷവും പി.എസ്.സി വഴി 25,000ലധികം പേർക്ക് നിയമന ശുപാർശ നൽകുമെങ്കിലും ശുപാർശയ്ക്കൊത്തുള്ള നിയമനം നടക്കാറില്ലെന്നും ആക്ഷേപം.
2021 ജൂൺ മുതൽ 2024 മാർച്ച് വരെ എംപ്ലോയ്‌മെന്റ് വഴി 37,390 നിയമനം നടത്തിയതായാണ് തൊഴിൽവകുപ്പ് മന്ത്രി നിയമസഭയിൽ നൽകിയ കണക്ക്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലായി എല്ലാ വർഷവും 25,000 ലധികം താത്കാലിക ഒഴിവുകൾ ഉണ്ടാകുമ്പോഴാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുവഴി ശരാശരി 9,000 നിയമനം മാത്രം നടക്കുന്നത്. എല്ലാ വർഷവും എൻ.എച്ച്.എം വഴി നടക്കുന്ന പതിനായിരത്തിലധികം താത്കാലിക നിയമനങ്ങളും മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലെ നിയമനവും എംപ്ലോയ്‌മെന്റുവഴിയല്ല. സ്‌കൂളുകളിലെ സ്ഥിതിയും ഇതാണ്.
പി.എസ്.സി വ്യത്യസ്ത കാറ്റഗറികളിലേക്ക് നടത്തുന്ന ഒറ്റ പരീക്ഷയിൽ ഒരേ ഉദ്യോഗാർത്ഥി തന്നെ എല്ലാ റാങ്ക് ലിസ്റ്റിലും ഉൾപ്പെടും. ഇതേ ഉദ്യോഗാർത്ഥിക്ക് എല്ലാ തസ്തികയിൽ നിന്നും അഡ്വൈസ് മെമ്മോ ലഭിക്കുകയും ചെയ്യും. ചുരുക്കത്തിൽ നിയമന ശുപാർശയുടെ എണ്ണം കൂടുന്നത് മാത്രമാണ് നടക്കുന്നതെന്നും നിയമനവും നിയമന ശുപാർശയും തമ്മിലുള്ള അന്തരം വലുതാണെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
പി.എസ്.സി യുടെ അഡ്വൈസ് കണക്ക്
2021 - 25914
2022 -22393
2023 -34110
2024 -12659 (ഏപ്രിൽ വരെ )
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ
- 37,390 (2021 ജൂൺ മുതൽ 2024 മാർച്ച് വരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |