ആലപ്പുഴ: സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി ജി.സുധാകരൻ . എഴുന്നേറ്റ് നടക്കാനാവുന്ന കാലം വരെ കമ്മ്യുണിസ്റ്റുകാരന് വിശ്രമമില്ല. പാർട്ടിക്കു വേണ്ടി ഇത്ര നാളും പ്രവർത്തിച്ച ശേഷം വീട്ടിൽ കുത്തിയിരുന്ന് വിശ്രമിച്ചാൽ മാനസിക രോഗിയായി മാറും. മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ലെന്ന് അദ്ദേഹം .മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിശ്രമ ജീവിതം നയിക്കാൻ ആരും പറയണ്ട. അതിനുദ്ദേശിക്കുന്നില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ ആലപ്പുഴ ജില്ലയിൽ മാത്രം 1480 പൊതുപരിപാടികളിൽ പങ്കെടുത്തു. ജില്ലയ്ക്ക് പുറത്ത് 17 പരിപാടികളിലും പങ്കാളിയായി. സ്വകാര്യ ചടങ്ങുകളുൾപ്പടെ മൂവായിരത്തിലധികം ചടങ്ങുകളിൽ പങ്കെടുത്തു. ഇതാണോ വിശ്രമജീവിതം? . ജനശ്രദ്ധ പിടിച്ചു പറ്റാൻ വായിൽ തോന്നുന്നത് താൻ വിളിച്ചു പറയുന്നുവെന്ന് ആക്ഷേപിച്ചവർ സ്വാഭിപ്രായങ്ങൾ പരസ്യമായി പറയണമെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ എഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ടാവില്ല. ഇതൊന്നും ആരോപണം ഉന്നയിച്ചയാൾ പറഞ്ഞതല്ല, അയാളെക്കൊണ്ട് പറയിപ്പിച്ചതാണ്. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ് താൻ സംസാരിക്കുന്നത്. 62 വർഷമായി പാർട്ടിയുടെ ആശയം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥാനങ്ങളില്ലാതെ 42 വർഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. തന്റെ ശബ്ദം ഉയരാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. തന്റെ ശബ്ദം കൊണ്ട് സാധാരണക്കാരന് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. . ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്ന രോഗികൾ ആലപ്പുഴയിലാണ് ഉണ്ടായിരുന്നത്. ഈ വൈറസ് ആരാണ് പത്തനംതിട്ടയിലേക്ക് പകർത്തിയതെന്ന് അറിയില്ല. പത്തനംതിട്ടയിൽ എറിഞ്ഞ കല്ല് അവിടെ കിടക്കുകയാണ്. ഇവിടെ വീണിട്ടില്ലെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |