ആലപ്പുഴ: യു പ്രതിഭ എം എൽ എയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ്. അടുത്തിടെ സിപിഎം വിട്ട് ബിജെപിയിൽ ചേക്കേറിയ ബിപിൻ സി ബാബുവാണ് മകനെ കഞ്ചാവ് കേസിൽ പിടികൂടിയ സംഭവത്തിൽ പ്രതിഭയ്ക്ക് പിന്തുണ അറിയിക്കുകയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തത്. സിപിഎമ്മിലെ ഒരു നേതാവും പ്രതിഭയെ പിന്തുണച്ച് ഇതുവരെ രംഗത്തെത്തിയിരുന്നില്ല. ആ സാഹചര്യത്തിലാണ് പ്രതിഭയ്ക്ക് പിന്തുണയറിക്കുന്ന ഫേസ്ബുക്ക് പാേസ്റ്റുമായി ബിപിൻ സി ബാബു രംഗത്തെത്തിയത്.
കുഞ്ഞുങ്ങളുടെ കയ്യിൽ നിന്ന് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽത്തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു. വിശ്വസിക്കുന്ന പ്രസ്ഥാനം യാതൊരു രീതിയിലും അവർക്ക് പിന്തുണ നൽകിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ് . ദേശീയതയിലേക്ക് ഞാൻ പ്രിയപ്പെട്ട എംഎൽഎയെ സ്വാഗതം ചെയ്യുന്നു എന്നാണ് ബിപിൻ സി ബാബു ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'പ്രിയമുള്ളവരേ രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളിൽക്കൂടെ ഒരു അമ്മയേയും മകനേയും തേജോവധം ചെയ്ത് കൊണ്ട് ഇരിക്കുകയാണ്. ഒൻപത് കുട്ടികളുടെ ഭാവി ആണ് ഇതിൽക്കൂടെ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ അവരുടെ കുടുംബാംഗങ്ങളുടെയും മാനസിക അവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ കയ്യിൽ നിന്ന് തെറ്റുകൾ സംഭവിചിട്ടുണ്ടേൽ തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണം ആയിരുന്നു. അവർ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവർക്ക് പിന്തുണ നൽകിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയം ആണ് . എന്തെങ്കിലും സാഹചര്യത്തിൽ അവരിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.നാളെയുടെ വാഗ്ദാനങ്ങൾ ആണ് അവർ. ഇങ്ങനെ ഒരു സാഹചര്യത്തിൽ കൂടെ നിൽക്കേണ്ടവർ പോലും കൂടെ നിന്നില്ല.
നാളെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാൻ പ്രിയപ്പെട്ട mla യേ സ്വാഗതം ചെയ്യുന്നു.'
നേരത്തേ പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്‌ണൻ രംഗത്തെത്തിയിരുന്നു. കേസിന് പിന്നിൽ ചരട് വലിച്ചത് കമ്മ്യൂണിസ്റ്റ് സാഡിസമാണ്. സിപിഎമ്മിന്റെ അറിവോടെ പ്രതിഭയുടെ മകനെ കേസിൽ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ബി ഗോപാലകൃഷ്‌ണൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |