കൊച്ചി: പുതുവർഷത്തിൽ പ്രതിദിന മെട്രോ യാത്രക്കാരുടെ എണ്ണം ഒന്നര ലക്ഷത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ. ഡിസംബർ 31 മുതൽ പുതുവർഷ പുലർച്ചെ വരെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിൽ 32,35,027 പേർ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. ഡിസംബറിൽ യാത്രാടിക്കറ്റ് ഇനത്തിൽ 10.15 കോടി രൂപ വരുമാനവും മെട്രോ നേടി. മുൻവർഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം 29,59,685ഉം വരുമാനം 9,24,69,402ഉം ആയിരുന്നു.
'ജൂലായ് മുതൽ പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാരെ നേടുന്ന മെട്രോ, കഴിഞ്ഞ രണ്ടുവർഷമായി പ്രവർത്തന ലാഭവും ഉണ്ടാക്കുന്നുണ്ട്. 2023ൽ 5.35 കോടിയായിരുന്ന പ്രവർത്തന ലാഭം. ഇത് 2024ൽ 22.94 കോടി രൂപയായി വർദ്ധിച്ചു. പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷത്തിലെത്തിക്കാനാണ് 2025ൽ ലക്ഷ്യമിടുന്നത്.കഴിഞ്ഞ വർഷം പ്രതിദിനം ഒരു ലക്ഷം യാത്രക്കാരെയാണ് മെട്രോ ലക്ഷ്യമിട്ടിരുന്നത്.
കൂട്ടായ പരിശ്രമത്തിലൂടെ അത് നേടി. നിരക്കുകളുടെ യുക്തിസഹമായ ഏകീകരണം, വിദ്യാർത്ഥികൾക്ക് നൽകിയ ഇളവ്, കൃത്യതയാർന്ന സർവീസ്, വൃത്തി, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം തുടങ്ങിയ നിരവധി ഘടകങ്ങൾ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു. ടിക്കറ്റിംഗിനായി ഏറ്റവും കൂടുതൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്ന രാജ്യത്തെ ഏക മെട്രോയാണിത്. ഈ വർഷം ടിക്കറ്റിംഗ് സമ്പ്രദായം സമ്പൂർണമായും ഡിജിറ്റലൈസ് ചെയ്യാനാണ് പരിശ്രമിക്കുന്നതെന്ന്'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |