മലയാളി സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് അല്ലു അർജുൻ. അല്ലുവിന്റെ ആദ്യ ചിത്രമായ ആര്യ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതോടെ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്‌ത് പുറത്തിറക്കിയിരുന്നു. ഇന്ന് പാൻ ഇന്ത്യ സ്റ്റാറായി തിളങ്ങുന്ന അല്ലുവിന്റെ ഏറ്റവും ഒടുവിൽ റിലീസായ പുഷ്‌പ 2വും മലയാളി പ്രേക്ഷകർ ഏറ്റെടുത്തു.
ഡിസംബർ ആദ്യവാരം റിലീസ് ചെയ്‌ത ചിത്രം നിലവിൽ ബോക്‌സ് ഓഫീസ് റെക്കോർഡുകളെല്ലാം മറികടന്നു. കഴിഞ്ഞ അഞ്ച് വർഷമായി പുഷ്‌പയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു അല്ലു അർജുൻ. ഇതിനായി മുടിയും താടിയുമെല്ലാം നീട്ടിവളർത്തുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ അഞ്ച് വർഷത്തിന് ശേഷം താടിയും മുടിയും മുറിച്ചിരിക്കുകയാണ് അല്ലു അർജുൻ.
മകൾ അർഹയ്‌ക്ക് വേണ്ടിയാണ് അല്ലു മുടിയും താടിയും മുറിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ മുംബയിൽ നടന്ന ഒരു ചടങ്ങിൽ അല്ലു ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. 'എന്റെ മകൾ ഇപ്പോൾ അടുത്ത് വരാറില്ല. താടിയുള്ളതിനാൽ എനിക്ക് അവളെ ഉമ്മ വയ്‌ക്കാൻ കഴിയുന്നില്ല. എന്റെ കുഞ്ഞിനെ ഉമ്മവച്ചിട്ട് ഇപ്പോൾ മൂന്നുനാല് വർഷമായി. പുഷ്‌പ അവസാനിച്ചിട്ട് വേണം ക്ലീൻ ഷേവ് ചെയ്യാൻ. അതിനായി കാത്തിരിക്കുകയാണ് ഞാൻ' , എന്നാണ് അല്ലു അന്ന് പറഞ്ഞത്.
അതേസമയം, പുഷ്‌പ 3 ഉണ്ടാകുമെന്ന് അടുത്തിടെ സംവിധായകൻ സുകുമാർ അറിയിച്ചിരുന്നു. പുഷ്‌പ 2വിന്റെ ക്ലൈമാക്‌സിലും ഇക്കാര്യം വ്യക്തമാണ്. എന്നാൽ, സിനിമയുടെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |