ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ഒടുവിലത്തെ സന്യസ്ഥ ശിഷ്യനായിരുന്ന സ്വാമി ആനന്ദതീർത്ഥന്റെ 128-ാം ജയന്തി സമ്മേളനം 92-ാമത് ശിവഗിരി തീർത്ഥാടനകാലത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിർവ്വഹിച്ചു.
ജാതിയുടെ പേരിൽ എതിർത്തിരുന്നവരുടെ മുന്നിലെത്തിയപ്പോൾ താൻ ബ്രാഹ്മണൻ തന്നെയാണെന്നും പക്ഷേ ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യത്വമാണ് സ്വീകരിച്ചിട്ടുള്ളതെന്നും സ്വാമി ആനന്ദതീർത്ഥൻ അറിയിച്ചു. പിറന്ന ജാതിയുടെ ആനുകൂല്യം തനിക്ക് ആവശ്യമില്ലെന്നും, ജാതിയുടെ പേരിൽ അവസരം നിഷേധിക്കപ്പെട്ടവർക്ക് മറ്റുളളവർക്കൊപ്പം പ്രവേശനം നൽകണമെന്നും ആവശ്യപ്പെട്ടു. ഗുരുവായൂർ അമ്പലത്തിലെ ഊട്ടുപുരയിൽ, പിറന്ന ജാതി തടസ്സമായവർക്കൊപ്പം കയറി ഭക്ഷണം കഴിക്കാൻ നിർബന്ധം കാട്ടിയതിന്റെ പേരിൽ കൊടിയ മർദ്ദനം ഏൽക്കേണ്ടി വന്നു. എങ്കിലും തന്റെ ലക്ഷ്യം സാധിക്കാൻ സ്വാമി ആനന്ദതീർത്ഥനായെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു.ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ, ഗുരുധർമ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, രജിസ്ട്രാർ കെ. ടി. സുകുമാരൻ, ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, ശിവഗിരി മഠം പി.ആർ.ഒ. ഇ.എം. സോമനാഥൻ തുടങ്ങിയവരും പ്രസംഗിച്ചു. ഇന്ന് രാവിലെ 10 ന് ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണ സമ്മേളനം നടക്കും . ഞായറാഴ്ച വരെ തീർത്ഥാടന കാലം തുടരും.
ഫോട്ടോ: സ്വാമി ആനന്ദതീർത്ഥന്റെ 128-ാം ജയന്തി സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു . ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി അസംഗാനന്ദഗിരി,സ്വാമി വിശാലാനന്ദ തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |