അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യയുടെ അഭിമാനമുയർന്ന വർഷമാണ് കടന്നുപോയത്. ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ചെസ് ഒളിമ്പ്യാഡിലും ലോക ചെസ് ചാമ്പ്യൻഷിപ്പുകളിലുമൊക്കെ മെഡൽ നേടി യശസുയർത്തിയ താരങ്ങൾക്ക് രാജ്യത്തിന്റെ ആദരവായി പരമോന്നത കായിക പുരസ്കാരങ്ങളായ ഖേൽരത്നയും അർജുന അവാർഡുകളും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. പാരീസ് ഒളിമ്പിക്സിൽ ഇരട്ട വെങ്കലം നേടിയ വനിതാ ഷൂട്ടിംഗ് താരം മനു ഭാക്കർ, ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ ഹർമൻപ്രീത് സിംഗ്, പാരാ അത്‌ലറ്റിക്സ് താരം പ്രവീൺകുമാർ എന്നിവർക്കാണ് ഖേൽരത്ന. മലയാളി നീന്തൽതാരം സാജൻ പ്രകാശ് ഉൾപ്പടെ 32 താരങ്ങൾക്ക് അർജുന അവാർഡും, മലയാളി ബാഡ്മിന്റൺ കോച്ച് എസ്. മുരളീധരന് ലൈഫ് ടൈം കാറ്റഗറിയിൽ ദ്രോണാചാര്യ പുരസ്കാരവും ലഭിച്ചു.
അപേക്ഷ നൽകിയില്ലെന്ന കാരണത്താൽ മനു ഭാക്കറിനെ ഖേൽരത്ന പുരസ്കാര നിർണയസമിതി ശുപാർശ ചെയ്യാതിരുന്നത് വിവാദമായിരുന്നു. ഹർമൻപ്രീതിനും പ്രവീൺകുമാറിനും മാത്രമായിരുന്നു സമിതിയുടെ ഖേൽരത്ന ശുപാർശ. എന്നാൽ വിവാദമായതോടെ മനുവിനെയും, ലോകചാമ്പ്യൻഷിപ്പിലെ കിരീടനേട്ടത്തോടെ ഗുകേഷിനെയും കൂടി കേന്ദ്ര കായിക മന്ത്രാലയം പട്ടികയിൽ ഉൾപ്പെടുത്തി. ഒളിമ്പിക്സിൽ ഒന്നല്ല, രണ്ട് മെഡൽ നേടിയാലും രാജ്യം അതിനെ അംഗീകരിക്കാൻ അപേക്ഷ നൽകുകകൂടി വേണമെന്ന ചുവപ്പുനാടക്കുരുക്ക് വേണ്ടെന്ന മുന്നറിയിപ്പാണ് മനു ഭാക്കറുടെ വിഷയത്തിലൂടെ നൽകപ്പെട്ടിരിക്കുന്നത്. ഒളിമ്പിക്സ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയും ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് മനു. പാരീസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിലായിരുന്നു മനുവിന്റെ ആദ്യ വെങ്കലം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡിൽ സരബ്ജോത് സിംഗിനൊപ്പവും വെങ്കലം നേടി.
ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ഗുകേഷ് ചെസ് ഒളിമ്പ്യാഡിൽ ടീം സ്വർണവും വ്യക്തിഗത സ്വർണവും നേടി. ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഹോക്കി ടീമിൽ അംഗമായിരുന്ന ഹർമൻപ്രീത് സിംഗ് പാരീസിൽ ഇന്ത്യൻ ക്യാപ്ടനും ഇന്ത്യയ്ക്കു വേണ്ടി കൂടുതൽ ഗോളുകൾ നേടിയ താരവുമായിരുന്നു. പാരീസ് പാരാലിമ്പിക്സിൽ സ്വർണവും ടോക്യോയിൽ വെള്ളിയും നേടിയ ഹൈജമ്പ് താരമാണ് പ്രവീൺകുമാർ.
ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഷൂട്ടിംഗ് താരങ്ങളായ സ്വപ്നിൽ കുശാലെ, സരബ്ജോത് സിംഗ് എന്നിവർക്ക് അർജുന അവാർഡ് ലഭിച്ചു. ഒളിമ്പിക്സിൽ മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച ഗുസ്തി താരം അമനും അർജുനയുടെ തിളക്കമുണ്ട്. പാരാ കായിക ഇനങ്ങളിൽ നിന്നുള്ളവർക്ക് ഇത്തവണ അർജുനയിൽ വലിയ പ്രാധാന്യമാണ് ലഭിച്ചത്. 17 പാരാ കായികതാരങ്ങളാണ് അർജുനയുടെ തിളക്കത്തിലേക്കെത്തിയത്.
സമീപകാലത്ത് ഇന്ത്യൻ നീന്തലിന് കേരളം സമ്മാനിച്ച ഏറ്റവും മികച്ച താരമായ സാജൻ പ്രകാശിന് അൽപ്പം വൈകിയെങ്കിലും അർജുന ലഭിച്ചത് ആശ്വാസമാണ്. കളിക്കാരൻ, പരിശീലകൻ, അമ്പയർ, മാച്ച് റഫറി, കോമ്പറ്റീഷൻ ഡയറക്ടർ, സംഘടനാ ഭാരവാഹി എന്നിങ്ങനെ ബാഡ്മിന്റണിന്റെ എല്ലാ മേഖലകളിലും വെന്നിക്കൊടി പാറിച്ച എസ്. മുരളീധരനെത്തേടി ലൈഫ് ടൈം അച്ചീവ്മെന്റായി എത്തിയ ദ്രോണാചാര്യയും അർഹതപ്പെട്ട അംഗീകാരമാണ്.
ഇനിയുമൊരുപാട് രത്നങ്ങൾ കായിക മേഖലയിൽ നിന്ന് ഉയർന്നുവരേണ്ടതുണ്ട്. നന്നായി ഖനനം നടത്തിയാലേ വിലപ്പെട്ട രത്നങ്ങൾ ലഭിക്കൂ. കഴിവുള്ള കായികതാരങ്ങളെ ചെറുപ്പത്തിലേ കണ്ടെത്തി മികച്ച അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും ഒരുക്കുന്നതാണ് കായികരംഗത്തെ ഖനനം. അതിനുള്ള നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്ന് കൂടുതൽ ശക്തമായി ഉണ്ടാകേണ്ടിയിരിക്കുന്നു. പുരസ്കാര ജേതാക്കൾക്ക് കേരളകൗമുദിയുടെ അഭിനന്ദനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |