തിരുവനന്തപുരം: ഇന്ത്യയില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് തിരുവനന്തപുരം - കാസര്‍കോഡ് ട്രെയിനിനാണ്. ഒക്കുപ്പന്‍സി റേറ്റില്‍ രാജ്യത്ത് തന്നെ ഏറ്റവും മുന്നിലാണ് ഈ ട്രെയിന്‍. പലപ്പോഴും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. 100 ടിക്കറ്റ് വില്‍പ്പനയ്ക്ക് വച്ചാല്‍ 180 - 200 വരെയാണ് ആവശ്യക്കാരുടെ എണ്ണം. സര്‍വീസ് ആരംഭിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ യാത്രക്കാര്‍ ആഗ്രഹിച്ച സന്തോഷ വാര്‍ത്ത എത്തിയിരുന്നു.
16 റേക്കുകളുള്ള വന്ദേഭാരതാണ് തിരുവനന്തപുരം - കാസര്‍കോഡ് -തിരുവനന്തപുരം റൂട്ടില്‍ ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുന്നത്. വ്യാഴാഴ്ച മാത്രമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്താതിരിക്കുന്നത്. ഇപ്പോഴിതാ ഈ ട്രെയിനിന് പകരം 20 റേക്കുള്ള പുതിയ വന്ദേഭാരത് തലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. 16 കോച്ചിലെ 1,016 സീറ്റിലും ബുക്കിംഗ് ഉണ്ടാകാറുണ്ട്. തിരക്ക് കൂടുതലായതിനാല്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വണ്ടി എത്തുന്നത്.
നാല് കോച്ചുകള്‍ അധികം വരുമ്പോള്‍ 312 സീറ്റുകള്‍ അധികമായി ലഭിക്കും. കൂടുതല്‍പേര്‍ക്ക് സീറ്റ് ലഭിക്കാന്‍ ഇത് സഹായിക്കും. ചെന്നെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് രണ്ട് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയില്‍വേയ്ക്കും രണ്ടാമത്തേത് ദക്ഷിണ റെയില്‍വേയ്ക്കും കൈമാറി. റൂട്ട് നിശ്ചയിക്കാത്തതിനാല്‍ ദക്ഷിണ റെയില്‍വേയുടെ വണ്ടി ഓടിത്തുടങ്ങിയിരുന്നില്ല. ഇതാണ് ഇപ്പോള്‍ കേരളത്തിലേക്ക് എത്തുന്നത്.
കേരളത്തില്‍ നിന്ന് തിരിച്ചു കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയില്‍വേയുടെ സ്പെയര്‍ വണ്ടിയായി തത്കാലം ഉപയോഗിക്കാനാണ് തീരുമാനം. രണ്ടാം ഘട്ടത്തില്‍ നിലവില്‍ എട്ട് കോച്ചുകളുള്ള തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. ഇത് 16 കോച്ച് ആണോ 20 റേക്കുകള്‍ തന്നെയാണോ എന്ന് പിന്നീട് തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |