കോഴിക്കോട്: എം.ടി പറഞ്ഞിരുന്നു, ഞാനെഴുതുമ്പോഴൊന്നും അതിൽ മമ്മൂട്ടിയുണ്ടാകാറില്ല, പക്ഷേ, അത് കഥാപാത്രമാവുമ്പോൾ അയാൾ കടന്നുവരും.
എം.ടിയുടെ വേർപാടിന്റെ പത്താം ദിവസമാണ് മമ്മൂട്ടി കോഴിക്കോട്ടെ 'സിത്താര'യിലെത്തിയത്. വിദേശത്തെ സിനിമാചിത്രീകരണത്തിലായതിനാൽ എം.ടിയുടെ മരണവേളയിൽ എത്താൻ കഴിഞ്ഞില്ല. ദുബായിൽ നിന്നും കൊച്ചിയിലേക്കും അവിടന്ന് കോഴിക്കോട്ടേക്കുമുള്ള ഫ്‌ളൈറ്റിൽ ഇന്നലെ വൈകിട്ട് മമ്മൂട്ടി കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടിയുടെ വീടായ 'സിത്താര'യിലെത്തി. നടൻ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.
എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും മരുമകനും മമ്മൂട്ടിയെ സ്വീകരിച്ചു. എം.ടിയുടെ ഓർമകൾക്ക് മുമ്പിൽ പലപ്പോഴും മമ്മൂട്ടി വികാരാധീനനായി. ' കോടതിയിൽ പ്രാക്ടീസ് തുടങ്ങാൻ തീരുമാനിച്ച ദിവസമാണ് 'ദേവലോക'ത്തിന്റെ ലൊക്കേഷനിലെത്താൻ വിളിവന്നത്. എം.ടിയുടെ സിനിമ വേണോ, വക്കീലാവണോ എന്നത് വലിയ സംഘർഷമായിരുന്നു. സിനിമ മതിയെന്ന് ഒടുവിൽ തീരുമാനിച്ചു. കോഴിക്കോട് ബീച്ച് റോഡിലുള്ള എയർലൈൻ ലോഡ്ജിൽ വച്ചാണ് ആദ്യം കാണുന്നത്. ദേവലോകം വെളിച്ചം കണ്ടില്ലെങ്കിലും പിന്നീട് എന്നെ വിളിക്കാൻ അദ്ദേഹം മറന്നില്ല. ഞാനെന്ന നടനെ പരുവപ്പെടുത്തിയതിൽ എം.ടി ഉണ്ടായിരുന്നു. സ്മാരകവും സ്തൂപങ്ങളൊന്നും പാടില്ലെന്നാണ് എം.ടി പറഞ്ഞത്. പക്ഷേ കേരളത്തിൽ വായനാസംസ്‌കാരവും വളർത്താൻ എം.ടിയുടെ പേരിൽ സംവിധാനങ്ങളുണ്ടാവണം. കുടുംബം തീരുമാനിക്കുന്നതിനൊപ്പം കൂടെയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എന്നിവരും ഇന്നലെ എം.ടിയുടെ വീട്ടിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |