ബാങ്കോക്ക്: 20 ലക്ഷം ഡോളറിലേറെ വിലമതിക്കുന്ന 200ലേറെ ഡിസൈനര്‍ ബാഗുകള്‍. ഏകദേശം 50 ലക്ഷം ഡോളര്‍ മൂല്യമുള്ള 75 ആഡംബര വാച്ചുകള്‍...തായ്ലന്‍ഡ് പ്രധാനമന്ത്രി പേതോംഗ്താന്‍ ഷിനവത്രയുടെ (38) 40 കോടി ഡോളര്‍ ആസ്തിയില്‍ ഉള്‍പ്പെടുന്നവയാണ് ഇവ. കഴിഞ്ഞ ദിവസമാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പേതോംഗ്താന്‍ ദേശീയ അഴിമതി വിരുദ്ധ കമ്മിഷന്‍ മുമ്പാകെ സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിച്ചത്.
ഏകദേശം 32 കോടി ഡോളറിന്റെ നിക്ഷേപവും ലണ്ടനിലും ജപ്പാനിലും ഭൂമിയും ബിസിനസുകാരി കൂടിയായ പേതോംഗ്താനുണ്ട്. മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനവത്രയുടെ മകളായ പേതോംഗ്താന്‍ ഓഗസ്റ്റിലാണ് ചുമതലയേറ്റത്. ഐ.ടി, ടെലിക്കമ്മ്യൂണിക്കേഷന്‍സ് ഭീമനായ ഷിന്‍ കോര്‍പറേഷന്റെ സ്ഥാപകനായ തക്സിന്‍ രാജ്യത്തെ സമ്പന്നരില്‍ പത്താം സ്ഥാനത്താണ്. അതേ സമയം, തായ് പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് പേതോംഗ്താന്‍. പേതോംഗ്താനിന്റെ പിതൃസഹോദരി യിംഗ്ലക്ക് ഷിനവത്രയാണ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി.
ഷിനവത്ര കുടുംബത്തില്‍ നിന്ന് പ്രധാനമന്ത്രി പദവിയില്‍ എത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് പേതോംഗ്താന്‍ ഷിനവത്ര. 2019ല്‍ പൈലറ്റായ പിഡോക് സുക്‌സാവത്തിനെയാണ് അവര്‍ വിവാഹം ചെയ്തത്. മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഒരുവയസ്സുള്ള ഒരു മകനുമാണ് ദമ്പതിമാര്‍ക്കുള്ളത്. തായ്‌ലന്‍ഡിലെ പൊതുതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം മുമ്പാണ് ഷിനവത്ര ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആഡംബര ബ്രാന്‍ഡുകളുടെ വസ്ത്രമാണ് പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയ ശേഷവും സ്ഥിരമായി അവര്‍ ധരിക്കാറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |