തിരുവനന്തപുരം: മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഓരോ കുട്ടികളും കലോത്സവ വേദിയിലെത്തുന്നത്. അത്തരത്തിൽ തന്റെ കഴിവിന്റെ പരമാവധി കാഴ്‌ച വയ്‌ക്കാനായാണ് കോട്ടയം സ്വദേശി ഐശ്വര്യ കെഎച്ച് തലസ്ഥാന നഗരിയിലേക്കെത്തിയത്. ഐശ്വര്യയുടെ കുച്ചിപ്പുടി നൃത്തം ആരംഭിച്ച് അൽപ്പ സമയത്തിനുള്ളിൽ തന്നെ കാഴ്ചക്കാർ കയ്യടിക്കാൻ തുടങ്ങി. പക്ഷേ, അവരുടെയെല്ലാം ആസ്വാദനത്തിന് വിലങ്ങിട്ടുകൊണ്ട് നിമിഷങ്ങൾക്കുള്ളിൽ വേദിയിൽ മുഴങ്ങിക്കൊണ്ടിരുന്ന പാട്ട് നിന്നു.
അൽപ്പ സമയം ടാഗോർ തീയേറ്റർ സ്തംഭിച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ എല്ലാവരും പരസ്‌പരം നോക്കി. ഐശ്വര്യ നൽകിയ പെൻഡ്രൈവിന് പ്രശ്‌നമില്ല എന്ന് ബോദ്ധ്യമായതോടെ കുട്ടിക്ക് ഒരവസരം കൂടി നൽകാൻ അധികൃതരും ജഡ്‌ജസും തയ്യാറായി. കുട്ടിയുടെ ഭാഗത്ത് നിന്നുള്ള വീഴ്‌ചയല്ല എന്ന് മൈക്കിലൂടെ അനൗൺസ് ചെയ്‌ത് കാഴ്‌ചക്കാരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്‌തു.
രണ്ടാം അവസരത്തിൽ ആദ്യത്തേതിലും മികച്ചതായി ഐശ്വര്യ തന്റെ കഴിവിന്റെ പരമാവധിയും പുറത്തെടുത്ത് നൃത്തം ചെയ്‌തു. വൻ കയ്യടിയോടെയാണ് ടാഗോർ തീയേറ്റർ ആ നൃത്തത്തെ സ്വീകരിച്ചത്. മാതാപിതാക്കളുടെയും ഐശ്വര്യയുടെയും ദൃഢനിശ്ചയത്തിന്റെ ഫലമായാണ് വീണ്ടും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായത്. തകര്‍പ്പന്‍ പ്രകടനത്തിന് ഐശ്വര്യക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തതോടെ ഇരട്ടി മധുരമായി മാറി.
ചിറക്കടവ് എസ്‌ആർവി എൻഎസ്‌എസ് സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഐശ്വര്യ. നാലാം വയസ് മുതൽ നൃത്തം അഭ്യസിക്കുന്ന ഐശ്വര്യയുടെ ഗുരു ആർഎൽവി രാജി ഷിബുവാണ്. ഒന്നാം ക്ലാസ് മുതൽ സ്‌കൂളിലെ എല്ലാ മത്സര വേദികളിലും നിറസാന്നിദ്ധ്യമാണ് ഐശ്വര്യ. രണ്ടാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ മോഹിനിയാട്ടത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |