കൊച്ചി : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യെ എ.എം.എം.എ എന്ന് വിളിക്കുന്നതിനെതിരെ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി . സംഘടനയ്ക്ക് അമ്മ എന്ന പേര് നൽകിയത് അന്തരിച്ച നടൻ മുരളിയാണെന്നും അതങ്ങനെ തന്നെ ഉച്ചരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയിൽ നടന്ന അമ്മ കുടുംബസംഗമത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
1994ൽ അമ്മ എന്ന സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ അടുക്കും ചിട്ടയോടും കൂടി തുടങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഇതുപോലൊരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് മധു സാർ നയിക്കുന്ന അമ്മയായിട്ടാണ് തുടങ്ങുന്നതെന്നും ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മ ആയാണ് തുടർന്നിങ്ങോട്ട് വന്നിട്ടുള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. 'സംഘടനയ്ക്ക് അമ്മ എന്ന പേര് നൽകിയത് സ്വർഗീയനായ ശ്രീ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടൻ. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാർ പറയുന്നത് നമ്മൾ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത്.. അതവന്മാരുടെ വീട്ടിൽ കൊണ്ട് വച്ചാൽ മതി. ഞങ്ങൾക്കിത് അമ്മ തന്നെയാണ്', എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
94 മുതലുള്ള പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തിന്റെ ഹൃദയത്തിൽ നാട്ടാൻ കഴിഞ്ഞ ഒരു വെന്നിക്കൊടി ഉണ്ട്. അത് പാറിപ്പറക്കുന്നതിൽ പലർക്കും, എന്നു പറയുമ്പോൾ താനും തന്റേതായ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഈ സംഘത്തിൽ നിന്ന് ഒന്ന് മാറി നിന്നു എന്നേ ഉള്ളൂവെന്നും മാറി വ്യതിചലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയ്‌ക്കെതിരായിട്ട് ഒരക്ഷരം, വൈകാരികമായിപ്പോലും ഉരിയാടിയിട്ടില്ല. സംഘടനയുടെ അന്തസ്സ് തകരുന്ന തരത്തിൽ വിഷയങ്ങളൊക്കെ ഓരോ കാലത്തും ഉണ്ടായപ്പോഴും പിന്തുണനൽകുന്ന രീതിയിൽ പുറത്തുനിന്ന് പ്രവർത്തിച്ചിരുന്ന ഒരു അംഗമായിരുന്നു താനെന്നും. അതാണ് തന്റെ ഏറ്റവും വലിയ പെരുമയായിട്ട് കരുതുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |