മലപ്പുറം: കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്. മണിയുടെ ഭാര്യയ്‌ക്ക് വനംവകുപ്പിൽ താൽക്കാലിക ജോലി നൽകുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്‌ഒ) അറിയിച്ചു.
ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സയും വനംവകുപ്പ് ഏറ്റെടുക്കും. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മണിയുടെ കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപ ധനസഹായം ഉടൻ നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്‌ഒ അറിയിച്ചു.
മണിയുടെ മക്കൾ ട്രൈബൽ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിലാക്കി തിരിച്ചുവരുന്നതിനിടെ ആണ് കാട്ടാന ആക്രമിച്ചത്. മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ അഞ്ച് വയസുകാരന്‍ മകന്‍ ഒപ്പമുണ്ടായിരുന്നു. തെറിച്ചു വീണതിനെ തുടര്‍ന്നാണ് കുഞ്ഞ് രക്ഷപ്പെട്ടത്.
സ്ഥലത്തുണ്ടായിരുന്ന കുട്ടികളാണ് മണിയുടെ സഹോദരൻ അയ്യപ്പനെ വിവരമറിയിച്ചത്. ഇവിടെ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തത് തിരിച്ചടിയായി. അയ്യപ്പൻ സ്ഥലത്തെത്തി മണിയെ ചുമന്നാണ് കൊണ്ടുവന്നത്. പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്ററോളം അയ്യപ്പൻ ചുമന്നു. വാഹന സൗകര്യമുള്ള കണ്ണക്കൈയിൽ എത്തിച്ചശേഷം അവിടെ നിന്ന് ജീപ്പിൽ കാടിന് പുറത്തെത്തിച്ചു. ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |