കൊച്ചി: ജില്ലയിൽ കൂണുപോലെ മുളച്ചുപൊന്തി അനധികൃത ആക്രിവ്യാപാര കേന്ദ്രങ്ങൾ. യാതൊരു സുരക്ഷയുമില്ല. ജനവാസമേഖലയിൽ പോലും കൂറ്റൻ ആക്രി ഗോഡൗണുകളുയർന്നു. ഇത്തരം സ്ഥാപനങ്ങളെ പൂട്ടിക്കെട്ടിക്കാൻ വിവിധ സർക്കാർ സ്ഥാപനങ്ങൾ നടപടിസ്വീകരിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല.
ഇന്നലെ ചെമ്പുമുക്കിലെ ആക്രി ഗോഡൗണിന് തീപിടിച്ചത് ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷനടക്കം നടപടിക്ക് വീണ്ടും ഇറങ്ങി.
തീപിടിത്തങ്ങളും തുടർന്നുള്ള അന്തരീക്ഷ മലിനീകരണവും ഗുരുതരമെന്നത് കണക്കിലെടുത്താണ് നീക്കം. അഗ്നിരക്ഷാ സംവിധാനങ്ങളില്ലെന്ന് കാട്ടി ഫയർഫോഴ്സ് കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും നിരവധി ആക്രി വ്യാപാര കേന്ദ്രങ്ങളുണ്ട്. ഇതിൽ പലതിനും അനുമതിയില്ല.
വൻലാഭമുള്ള ബിസിനസുകളിൽ ഒന്നാണ് ആക്രിവ്യാപാരം. വർഷങ്ങൾക്ക് മുമ്പ് ഈ രംഗത്ത് ഏതാനും ചിലർ മാത്രമേയുണ്ടായിരുന്നുള്ളൂ. പിന്നീട് ബിസിനസ് സാദ്ധ്യത തിരിച്ചറിഞ്ഞതോടെ കൂടുതൽപ്പേർ രംഗത്തെത്തി.
ഇന്ന് ഗ്രാമങ്ങളിൽ പോലും അഞ്ചും പത്തും ആക്രി വ്യാപാര കേന്ദ്രങ്ങളുണ്ട്. പ്ലാസ്റ്റിക്, റബ്ബർ, ഇരുമ്പ് തുടങ്ങിയ ആക്രിസാധങ്ങൾ അലക്ഷ്യമായി കൂട്ടിയിടുന്നതിനാൽ തീപിടിത്തമുണ്ടായാൽ നിമിഷനേരത്തിൽ പ്രദേശമാകെ അഗ്നിക്കിരയാകും. അന്തരീക്ഷ മലിനീകരണവും പ്രദേശവാസികളുടെ ശ്വാസംമുട്ടിക്കും.
ചട്ടങ്ങളുണ്ട്, പരിശോധനയില്ല
ആക്രിക്കടകൾക്ക് സുരക്ഷാചട്ടങ്ങളുണ്ടെങ്കിലും അവ പ്രാവർത്തികമാക്കാൻ വിവിധ വകുപ്പുളുടെ കാര്യമായ പരിശോധനയില്ലെന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ആക്രിവ്യാപര സ്ഥാപനം തുടങ്ങാൻ ഫയർഫോഴ്സ്, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ വിവിധ ലൈസൻസുകൾ ആവശ്യമാണ്. വർഷങ്ങൾക്ക് മുമ്പ് നഗരത്തിൽ പ്രവർത്തിച്ചിരുന്നവയ്ക്ക് മാത്രമേ അനുമതിയുള്ളൂ. മറ്റുള്ളവ അനധികൃതമാണ്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥൻ 'കേരളകൗമുദി'യോട് പറഞ്ഞു.
മറ്റിടങ്ങളിൽ തീപിടിത്തമുണ്ടാകുന്നത് പോലെയല്ല, ആക്രി വ്യാപാര കേന്ദ്രങ്ങളിലെ അഗ്നിബാധ ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കും. വ്യാപാര കേന്ദ്രങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കും
പി.സി.ബി
അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്ത സ്ഥാപങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് ഒരോ തദ്ദേശ സ്ഥാപങ്ങൾക്കും കൈമാറി. തദ്ദേശസ്ഥാപനങ്ങളാണ് തുടർ നടപടി സ്വീകരിക്കേണ്ടത്
ഫയർഫോഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |