കൃത്യസമയത്ത് ഓർഡർ എത്തിക്കാൻ നിരത്തിലൂടെ വാഹനവുമായി പാഞ്ഞ് പോകുന്ന ഫുഡ് ഡെലിവറി ഏജന്റുമാരെ നമ്മൾ കാണാറുണ്ട്. മഴയായാലും കൊടുംവെയിലായാലും ഓർഡർ ചെയ്ത ഭക്ഷണം കൃത്യമായി എത്തിക്കുന്നവരാണിവർ. പാർട്ട് ടൈം ജോബ് ആയും ഫുൾ ടൈം ജോബ് ആയും ഫുഡ് ഡെലിവറി ജോലി ചെയ്യുന്നവരുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഡെലിവറി ഏജന്റ് ആകുന്നവരും ടൈം പാസിനായി ജോലിക്കിറങ്ങുന്നവരും ഉണ്ടാവും.
ഇവരുടെയൊക്കെ കഷ്ടപ്പാടുകൾ നമ്മൾ ചിന്തിക്കാറുണ്ടോ? ഇപ്പോഴിതാ ഫുഡ് ഡെലിവറി ജോലിൽ നേരിടുന്ന പ്രയാസം പങ്കുവയ്ക്കുന്ന ഒരു ഫുഡ് ഡെലിവറി ഗേളിന്റെ പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയാണ്. അമൃത എന്ന യുവതി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരു സ്വിഗ്ഗി ഗേൾ എന്ന നിലയിൽ ഏറ്റവും വെറുക്കുന്ന കാര്യം എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഏറ്റവും വെറുക്കുന്നതും ബുദ്ധിമുട്ടേറിയതുമായ കാര്യത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. അഞ്ച് കിലോമീറ്ററിന് നമുക്ക് ലഭിക്കുന്ന തുക കുറഞ്ഞത് 25 രൂപയാണ്. ഓർഡർ എടുക്കാൻ മാളുകളിൽ എത്തുമ്പോൾ വാഹനം പാർക്ക് ചെയ്ത്, സർവീസ് ലിഫ്റ്റിൽ കയറി, ഫുഡ് കോർട്ടിലെത്തി, കടയിലെത്തി ഓർഡർ എടുക്കണം. ഇത്തരം ഓർഡറുകൾക്ക് അധികമായി അലവൻസ് ലഭിക്കാറില്ല. പത്തോ ഇരുപതോ മിനിട്ട് ഇങ്ങനെ നഷ്ടമാവും.
തിരക്കേറിയ സാധാരണ വാതിലുകളിലൂടെയാണ് തിരികെ പോകേണ്ടത്. എന്തുകൊണ്ട് മാളുകൾക്ക് താഴെയുള്ള നിലകളിൽ ഓർഡറുകൾ ശേഖരിച്ചുകൂടാ? കാലതാമസം കുറയ്ക്കുന്നതിന് മാൾ അധികൃതർക്ക് താഴത്തെ നിലകളിൽ കളക്ഷൻ പോയിന്റുകൾ സ്ഥാപിക്കാം. കൂടാതെ സ്വിഗ്ഗിക്ക് അലവൻസുകൾ നൽകുകയും ചെയ്യാം'-വീഡിയോയിൽ അമൃത പറയുന്നു. വീഡിയോയ്ക്ക് ഇതുവരെ അര ലക്ഷത്തിലധികം ലൈക്കുകളും 700ൽ അധികം കമന്റുകളുമാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |