തിരുവനന്തപുരം: കലോത്സവ വേദിയില്‍ മകള്‍ നൃത്തമാടുമ്പോള്‍ പ്രകാശ് എന്ന മിമിക്രി കലാകാരന്‍ അത് സസൂക്ഷ്മം നോക്കി നിന്നു. മികച്ച പ്രകടനത്തെ സദസ്സ് നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു. എ ഗ്രേഡ് ലഭിച്ചെന്നറിഞ്ഞതോടെ ആ അച്ഛന്റെ മുഖത്തു സന്തോഷവും അഭിമാനവും ഒരുപോലെ ഉദിച്ചുയർന്നു. പിന്നീട് മകളുടെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യ മറുപടി കേരളകൗമുദിയോടുള്ള ആത്മബന്ധത്തെ കുറിച്ച് വിവരിച്ചുകൊണ്ടായിരുന്നു.
തിരുവനന്തപുരം പേട്ട സ്വദേശിയായ പ്രകാശ് പേട്ട വൈദ്യര്‍ക്ക് സ്വന്തം വീടിന്റെ മുറ്റം പോലയാണ് കേരളകൗമുദി ആസ്ഥാനം. കൗമുദി ടിവിയിലെ പരിപാടികളില്‍ പങ്കെടുത്ത ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവച്ചു. സബ് ജില്ല, ജില്ലാ കലോത്സവത്തില്‍ ആറു വര്‍ഷത്തോളം മിമിക്രി, മോണോ ആക്ട്, ഭരതനാട്യം എന്നിവയിലെ വിജയി ആയിരുന്നു പ്രകാശ്.
മകള്‍ പൂജ ദശമിയുടെ ആദ്യകാല നൃത്ത അദ്ധ്യാപകന്‍ കൂടിയാണ് പ്രകാശ്. പേട്ട ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് 14കാരിയായ മകള്‍. നാലാം വയസ് മുതല്‍ ഭരതനാട്യവും മോഹിനിയാട്ടവും കേരളനടനവും അഭ്യസിക്കുന്നുണ്ട്. ആനയറ കുടവൂർ സ്വദേശിനി കലാമണ്ഡലം രാജി സുബിനാണ് കേരളനടനത്തിൽ ഗുരു.
മിമിക്രിക്ക് പുറമെ രണ്ട് മലയാള സിനിമകളിലും പ്രകാശ് അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായ മൈ ബിഗ് ഫാദര്‍, അത്ഭുതദ്വീപ് എന്നിവയാണ് പ്രകാശ് അഭിനയിച്ച ചിത്രങ്ങള്‍. മകന്‍ യാദവും നൃത്തം അഭ്യസിക്കുന്നുണ്ട്. പൂജയുടെ അമ്മ ശാലിനി വീട്ടമ്മയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |