നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പൊലീസിന്റെ കസ്റ്റഡി ആവശ്യം കോടതി തള്ളി.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 50000 രൂപ കെട്ടിവയ്ക്കണം, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പൊതുമുതൽ നശിപ്പിച്ചതിന് 35000 രൂപ കെട്ടിവയ്ക്കണം എന്നിങ്ങനെയാണ് ഉപാധികൾ. ജാമ്യം ലഭിച്ച ശേഷം അൻവർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.'പ്രിയപ്പെട്ടവരെ, ജാമ്യം ലഭിച്ചിരിക്കുന്നു. കൂടെ നിന്നവർക്ക് അഭിവാദ്യങ്ങൾ നേരിൽ കാണാം' എന്നാണ് അൻവർ കുറിച്ചത്.
അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് ഇന്നലെ രാത്രി നിലമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് മണി മരിച്ചതിൽ പ്രതിഷേധിച്ച് ഡി.എം.കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവമാണ് അറസ്റ്റിൽ കലാശിച്ചത്. ആക്രമണങ്ങൾക്കായി സംഘം ചേരൽ, പി.ഡി.പി.പി ആക്ട് പ്രകാരം പൊതുമുതൽ നശിപ്പിക്കൽ, ഭാരതീയ ന്യായ സംഹിതയിലെ 132-ാം വകുപ്പ് പ്രകാരം പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ബലപ്രയോഗം, 121-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥർക്ക് നേരെ ബലപ്രയോഗം എന്നിവ പ്രകാരം അൻവർ ഉൾപ്പെടെ 11 പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |