തിരുവനന്തപുരം:സംസ്ഥാനത്ത് പുത്തൻ കൃഷിരീതികൾ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും അതിന് ഭൂവിനിയോഗത്തിന് പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഭൂവിനിയോഗ ബോർഡ് മാസ്കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂവിനിയോഗത്തിന് നവീനസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. കേരളത്തിലെ വിഭവങ്ങൾ, തണ്ണീർത്തടങ്ങൾ, ഓരോ കൃഷിക്കും അനുയോജ്യമായ ഭൂഘടന എന്നിവ സംബന്ധിച്ച കാര്യങ്ങൾ പഠനവിധേയമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള വിശാലസമീപനം അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കണം. പ്രകൃതിദുരന്തങ്ങൾ പ്രതിരോധിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനുകൾ തയ്യാറാക്കി വരുന്നു.
സംസ്ഥാനത്തെ മൊത്തം കൃഷിവിസ്തൃതിയുടെ മുപ്പത് ശതമാനവും നാളികേര കൃഷിയാണ്. നാളികേര ഉത്പാദനത്തിൽ കഴിഞ്ഞവർഷം ഒന്നാംസ്ഥാനം നമ്മൾ തിരിച്ചു പിടിച്ചിട്ടുണ്ട്. കേരഗ്രാമം പദ്ധതിക്കും ആവർത്തന നടൽ രീതിക്കും ഇടവിള സമ്മിശ്ര കൃഷിക്കുമൊപ്പം പുത്തൻ നാളികേരകൃഷിരീതികളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജി. ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ഭൂവിനിയോഗ ബോർഡിന്റെ കൈപ്പുസ്തകവും സജലം പദ്ധതിയുടെ വെബ്സൈറ്റും മന്ത്രി പ്രകാശനം ചെയ്തു.
എം.എൽ.എമാരായ ആന്റണി രാജു, ഐ.ബി. സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, മുഖ്യമന്ത്രിയുടെ സയൻസ് മെന്റർ എം.ചന്ദ്രദത്തൻ, പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. ജിജു പി. അലക്സ് തുടങ്ങിയവർ പങ്കെടുത്തു.
നെല്ലിന്റെ താങ്ങുവില കുറച്ചത് കർഷകദ്രോഹം: കെ.സുധാകരൻ
തിരുവനന്തപുരം: നെല്ലിന്റെ താങ്ങുവില 35 രൂപയാക്കണമെന്നും ബഡ്ജറ്റിൽ കൂടുതൽ തുക വകയിരുത്തി മുഴുവൻ നെല്ലും സംഭരിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.
നിലവിലുള്ള താങ്ങുവിലയും സംഭരണ രീതിയും കർഷകന് പ്രയോജനകരമല്ല. കേന്ദ്ര സർക്കാർ വിഹിതം 23 രൂപയും സംസ്ഥാന വിഹിതം 5.20 രൂപയുമാണ്. കേന്ദ്ര സർക്കാർ നാമമാത്രമായ വർദ്ധന വരുത്തുമ്പോൾ സംസ്ഥാനം വിഹിതം കുറയ്ക്കുന്നത് കടുത്ത കർഷക ദ്രോഹമാണ്. 2021-22 ൽ സംസ്ഥാന വിഹിതം 8.60 രൂപയുണ്ടായിരുന്നതാണ് 5.20 ലേക്ക് താഴ്ത്തിയത്. കേന്ദ്ര സർക്കാരിന്റെ വിഹിതം ചുരുങ്ങിയത് 26 രൂപയും സംസ്ഥാന വിഹിതം 9 രൂപയുമായി വർദ്ധിപ്പിച്ച് താങ്ങുവില 35 രൂപയെങ്കിലുമാക്കുന്നതിനുള്ള അടിയന്തര ഇടപെടൽ കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ വലിയ തുക കടമെടുത്താണ് കർഷകർ കൃഷിയിറക്കുന്നത്. കൃഷിനാശവും മറ്റു പ്രതിസന്ധികളും കാരണം കാര്യമായ വരുമാനം ഇല്ലാതാവുമ്പോൾ വായ്പ തിരിച്ചടവ് മുടങ്ങും. അത് ആത്മഹത്യയിലേക്ക് കർഷകനെ തള്ളിവിടും. നെല്ല് സംഭരിച്ച വകയിൽ കർഷകന് സംസ്ഥാനവും, താങ്ങുവിലയിനത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിനും നൽകാനുള്ളത് കോടികളാണ്. കുടിശ്ശിക തീർക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കെട്ടിടങ്ങൾ നോട്ടീസ്
നൽകാതെ പൊളിക്കരുത്
തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾ ഉടമയ്ക്കോ താമസക്കാരനോ മുൻകൂർ നോട്ടീസ് നൽകാതെ പൊളിക്കാൻ പാടില്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ നിർദ്ദേശം. നോട്ടീസ് നൽകി 15 ദിവസത്തെ സാവകാശം അനുവദിക്കണം. പൊളിക്കൽ നടപടിക്രമങ്ങൾ അറിയിക്കാൻ പ്രത്യേക വെബ് പോർട്ടൽ തുടങ്ങണം.
നവംബർ 13ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് നിർദ്ദേശം. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കോടതി അലക്ഷ്യമായി കണക്കാക്കും. നോട്ടീസ് രജിസ്റ്റേർഡ് തപാലിൽ അയയ്ക്കണം. കെട്ടിടത്തിലും പതിക്കണം.
ഉടമയ്ക്ക് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ 15 ദിവസത്തെ സാവകാശം നൽകണം. ഉടമ സ്വന്തം നിലയ്ക്ക് പൊളിക്കാൻ തയ്യാറെങ്കിൽ വീണ്ടും 15 ദിവസം കൂടി നൽകാം.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും മൂന്ന് മാസത്തിനുള്ളിൽ പൊളിക്കൽ സംബന്ധമായ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ പ്രത്യേക പോർട്ടൽ തുടങ്ങണം. പൊതുജനങ്ങൾക്ക് പരിശോധിക്കാൻ പോർട്ടലിൽ സൗകര്യമൊരുക്കണം. കെട്ടിട ഉടമയുടെ ഭാഗവും കേൾക്കണം. എന്തുകൊണ്ടാണ് ഉടമയുടെ ആവശ്യം നിരസിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കണം. പൊളിക്കൽ കഴിഞ്ഞാൽ റിപ്പോർട്ട് തയ്യാറാക്കി രണ്ട് സാക്ഷികളുടെ ഒപ്പു രേഖപ്പെടുത്തണം. വീഡിയോയിൽ പകർത്തണം.
വി.സിമാരുടെ യോഗം വിളിച്ച് ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളിലെയും വൈസ്ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്ന് രാവിലെ 11ന് രാജ്ഭവനിലാണ് യോഗം. ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മലിന് കേരളയുടെയും ചുമതലയുള്ളതിനാൽ 13വി.സിമാരായിരിക്കും യോഗത്തിൽ പങ്കെടുക്കുക. സർവകലാശാലകളുടെ ചാൻസലർ ഗവർണറാണ്. അദ്ധ്യാപക നിയമനം, നാലുവർഷ ബിരുദം, യു.ജി.സി ചട്ടങ്ങൾ നടപ്പാക്കൽ അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |