SignIn
Kerala Kaumudi Online
Wednesday, 12 February 2025 7.22 AM IST

300 ചൈനീസ് സൈനികരെ ഒറ്റയ്ക്ക് വകവരുത്തിയ ഇന്ത്യൻ ജവാൻ; മരണമില്ലാത്ത സൈനികൻ ഇപ്പോഴും ഡ്യൂട്ടിയിലുണ്ടെന്ന് ആർമി

Increase Font Size Decrease Font Size Print Page

-jaswant-singh-rawat

1962ലെ ഇന്ത്യാ-ചൈന യുദ്ധം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുന്ന സമയം. വടക്ക്-കിഴക്കൻ അതിർത്തി ഏജൻസിയിൽ (നെഫ) പോരാടുകയായിരുന്ന ഇന്ത്യൻ സൈനിക യൂണിറ്റുകൾ സൈനികരുടെയും ആയുധങ്ങളുടെ എണ്ണത്തിലെയും കുറവുമൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇതിനിടെ 1962 നവംബർ 17ന് റൈഫിൾമാൻ ജസ്വന്ത് സിംഗ് റാവത്തിന്റെ ബറ്റാലിയൻ തവാംഗ് സെക്‌ടറിലെ സെ-ലെയ്ക്ക് സമീപം യുദ്ധമുഖത്ത് പ്രവേശിക്കുന്നു. പിന്നീട് നടന്നത് ചരിത്രം.

സൈന്യത്തിലേയ്ക്ക്

ജസ്വന്ത് സിംഗ് റാവത്ത് 1941 ഓഗസ്റ്റ് 19 ന്, ഇന്ന് ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള ബറ്യൂൺ എന്ന ഗ്രാമത്തിൽ ഗുമാൻ സിംഗ് റാവത്തിന്റെ മകനായി ജനിച്ചു. 1960 ഓഗസ്റ്റ് 19ന് 19ാം വയസിലാണ് ജസ്വന്ത് ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്. വിവിധ ഓപ്പറേഷനുകളിലെ ധീരതയ്ക്കും യുദ്ധ ബഹുമതികൾക്കും പേരുകേട്ട പ്രശസ്തമായ ഗർവാൾ റൈഫിൾസ് റെജിമെന്റിന്റെ 4ാം ഗർവാൾ റൈഫിൾസിലേക്കാണ് ജസ്വന്ത് റിക്രൂട്ട് ചെയ്യപ്പെട്ടത്.

-jaswant-singh-rawat

300 വേഴ്‌സസ് 1

1962ലെ ഇന്ത്യാ- ചൈന യുദ്ധം (നുരാനംഗ് യുദ്ധം) കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ഇന്ത്യൻ സൈനികർ ഓരോരുത്തരായി വീരചരമം പ്രാപിക്കുന്നു. വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും കുറഞ്ഞുകൊണ്ടേയിരിക്കുന്നു. അനേകം സൈനികർ ഗുരുതരമായി പരിക്കേറ്റ് തളരുന്നു. ചൈനീസ് പടയെ തുരത്താൻ മറ്റാരുമില്ലെന്ന് തിരിച്ചറിഞ്ഞ ജസ്വന്ത് സിംഗ് റാവത്ത് ഒരു മെഷീൻ ഗണ്ണുമായി യുദ്ധക്കളത്തിലിറങ്ങുന്നു. സെ-ലെയിലെ മഞ്ഞുമൂടിയ താഴ്‌വരയിൽ 72 മണിക്കൂർ കൊണ്ട് 300 ചൈനീസ് സൈനികരെയാണ് ജസ്വന്ത് എന്ന സിംഹക്കുട്ടി ഒറ്റയ്ക്ക് വകവരുത്തിയത്. അന്ന് വെറും 21 വയസായിരുന്നു ജസ്വന്തിന്.

-jaswant-singh-rawat

1962 നവംബ‌ർ 17ന് സംഭവിച്ചതെന്ത്?

രാവിലെ അഞ്ചുമണിയോടെ ഇന്ത്യൻ ആർമി പോസ്റ്റിനുനേരെ ചൈനീസ് സൈനികർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നത്. ജസ്വന്ത് സിംഗ് ഉൾപ്പെടുന്ന സൈനികർ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ രണ്ട് ട്രൂപ്പുകളെ പരാജയപ്പെടുത്തി. ഇതിനിടെ മീഡിയം മെഷിൻ ഗൺ (എംഎംജി) ഉപയോഗിച്ച് ചൈനീസ് സൈനികൾ വെടിയുതിർക്കാൻ ആരംഭിച്ചു. ജസ്വന്തും ലാൻസ് നായിക് ത്രിലോക് സിംഗ് നേഗിയും റൈഫിൾമാൻ ഗോപാൽ സിംഗ് ഗുസൈനും എംഎംജി ആക്രമണത്തെ കീഴടക്കാൻ കിണഞ്ഞ് പരിശ്രമിച്ചു. നേഗി മുൻനിരയിൽ നിന്ന് വെടിയുതിർക്കുന്നതിനിടെ ജസ്വന്തും ഗുസൈനും ചേർന്ന് എംഎംജി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തിരിച്ച് മടങ്ങുന്നതിനിടെ ചൈനീസ് ആക്രമണത്തിൽ നേഗിയും ഗുസൈനും വീരമൃത്യു വരിക്കുകയും ജസ്വന്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പരാജയമേറ്റുവാങ്ങാൻ തയ്യാറാകാതിരുന്ന ജസ്വന്ത് വീണ്ടും പോരാടാൻ തീരുമാനിക്കുന്നു. ജസ്വന്തിനെ സഹായിക്കാൻ പ്രദേശവാസികളായ സേല, നൂറ എന്നിങ്ങനെ രണ്ട് പെൺകുട്ടികൾ എത്തി. ബങ്കറുകൾ തോറും മാറി മാറി ജസ്വന്ത് ചൈനീസ് പടയെ ആക്രമിച്ചു. മൂന്നുദിവസം വരെ തങ്ങളെ എത്ര ഇന്ത്യൻ സൈനികരാണ് ആക്രമിക്കുന്നതെന്ന് ചൈനീസ് പടയാളികൾക്ക് തിരിച്ചറിയാനായില്ല. വലിയൊരു സംഘം സൈനികരാണ് തങ്ങളെ ആക്രമിക്കുന്നതെന്ന് കരുതിയ ചൈനീസ് സൈന്യത്തിന് 72 മണിക്കൂർവരെ മുന്നേറ്റം നടത്തായാനായില്ല. മൂന്നുദിവസത്തിനിടെ 300 ചൈനീസ് സൈനികരെയാണ് റൈഫിൾമാൻ ജസ്വന്ത് ഒറ്റയ്ക്ക് വകവരുത്തിയത്.

-jaswant-singh-rawat

പ്രാദേശവാസികൾ പറയുന്നത്

ജസ്വന്ത് ചൈനീസ് പടയെ നേരിടുന്നതിനിടെ ആഹാരവും മറ്റും എത്തിച്ചുനൽകിയിരുന്ന പ്രദേശവാസിയായ യുവാവ് ചൈനയുടെ പിടിയിലായി. ചൈനീസ് സൈനികരുടെ മർദ്ദനമുറയിൽ ബങ്കറുകളിൽ നിന്ന് ആക്രമിക്കുന്നത് ഒരേയൊരു ഇന്ത്യൻ സൈനികനാണെന്ന് യുവാവ് വെളിപ്പെടുത്തുന്നു. ഇതുകേട്ട സൈനികർ ഞെട്ടിത്തരിച്ചു. തുടർന്ന് മുഴുവൻ ശക്തിയോടെയും ചൈനീസ് പട ജസ്വന്തിനെ ആക്രമിക്കാൻ ആരംഭിച്ചു. ഇതിനിടെ ഗ്രനേഡ് ആക്രമണത്തിൽ സേല കൊല്ലപ്പെടുകയും നൂറയെ പിടികൂടുകയും ചെയ്തു.

ചൈനീസ് മുന്നേറ്റം മനസിലാക്കിയ ജസ്വന്ത് കീഴടങ്ങുന്നതിന് മുൻപ് തന്റെ അവസാന ബുള്ളറ്റ് ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് വീരമൃത്യു വരിച്ചു. ഇതിൽ കോപാകുലരായ ചൈനീസ് സൈനികർ ജസ്വന്തിന്റെ ശിരസറുത്ത് ചൈനയിലേയ്ക്ക് കൊണ്ടുപോയി. പിന്നീട് വെടിനിർത്തതിലുശേഷം ജസ്വന്തിന്റെ ധീരതയിൽ ആകൃഷ്‌ടരായ ചൈന ആദരസൂചകമായി അദ്ദേഹത്തിന്റെ പിച്ചള പ്രതിമയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ശിരസ് ഇന്ത്യയ്ക്ക് തിരികെ നൽകി.

രാജ്യത്തിന്റെ ആദരം

റൈഫിൾമാൻ ജസ്വന്ത് സിംഗ് റാവത്തിന്റെ പോരാട്ടവീര്യത്തിനും ധീരതയ്ക്കും രാജ്യം രണ്ടാമത്തെ യുദ്ധകാല ധീരതാ പുരസ്‌കാരമായ മഹാ വീർ ചക്ര നൽകി ആദരിച്ചു. പ്രതിരോധ മന്ത്രാലയം അദ്ദേഹത്തിന് മരണാനന്തരം സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. അദ്ദേഹം മരിച്ച് 63 വർഷത്തിനുശേഷവും ആദരസൂചകമായി സർക്കാർ പെൻഷൻ നൽകി വരികയും ചെയ്യുന്നു. 1962ലേത് പോലെ അദ്ദേഹം ഇപ്പോഴും തന്റെ പോസ്റ്റിന് സംരക്ഷണം നൽകുന്നുണ്ടെന്നാണ് വിശ്വാസം. അദ്ദേഹത്തിന് ആദരസൂചകമായി സർക്കാർ സ്മൃതി മണ്ഡപവും നിർമിച്ചു. തവാംഗിന് 25 കിലോമീറ്റർ അകലെയായാണ് ജസ്വന്ത് ഗ‌ർ എന്ന് പേരിട്ടിരിക്കുന്ന സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്നത്.

-jaswant-singh-rawat

മരണമില്ലാത്ത സൈനികൻ

-jaswant-singh-rawat

ജസ്വന്ത് സിംഗ് റാവത്തിന്റെ സ്മൃതി മണ്ഡപത്തിൽ ഇപ്പോഴും അദ്ദേഹത്തിന്റെ കട്ടിലും യൂണിഫോമും സൂക്ഷിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ദിനംപ്രതി ഒരുക്കി വയ്ക്കുകയും ചെയ്യുന്നു. കാരണം അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് അവിടെ വിന്യസിച്ചിരിക്കുന്ന ട്രൂപ്പുകൾ വിശ്വസിക്കുന്നത്. ഡ്യൂട്ടിക്കിടെ ഏതെങ്കിലും സൈനികൻ ഉറങ്ങിപ്പോയാൽ ജസ്വന്ത് അവരെ കരണത്തടിച്ച് ഉണ‌ർത്തുമെന്നാണ് സൈനികർ പറയുന്നത്.

TAGS: JASWANTH SINGH RAWAT, RIFLEMAN OF INDIA, THE MARTYR WHO NEVER DIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.