പത്തനംതിട്ട : മകന് ന്യൂസിലാൻഡിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേരെ പന്തളം പൊലീസ് പിടികൂടി. കോട്ടയം അയ്മനം കുടമാളൂർ കുന്നുംപുറത്ത് വീട്ടിൽ അഭിരാം (32), കൊല്ലം പോരുവഴി ഇടക്കാട് പുത്തൻ വീട്ടിൽ അരുൺ (35) എന്നിവരാണ് അറസ്റ്റിലായത്. പന്തളം താവളംകുളം സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞവർഷം മെയ് 20 നും നവംബർ 23 നുമിടയിലുള്ള കാലയളവിൽ എസ് ബി ഐ അക്കൗണ്ട് വഴിയും ഗൂഗിൾ പേ മുഖേനയും പലതവണയായി പണം പ്രതികൾ കൈവശപ്പെടുത്തുകയായിരുന്നു.
ജോലി ലഭിക്കാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടന്ന് മനസിലാക്കിയ വീട്ടമ്മ ഡിസംബർ 24ന് പന്തളം പൊലീസിൽ പരാതി നൽകി. അഭിരാമിനെ ഏറ്റുമാനൂരിൽ നിന്നും അരുണിനെ പോരുവഴിയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. മകന് ജോലിസാദ്ധ്യത അന്വേഷിച്ചപ്പോൾ വിദേശത്ത് ജോലി ശരിയാക്കാമെന്നും, സൺഷൈൻ എന്ന ഏജൻസി ഉണ്ടെന്നും അഭിരാമാണ് നടത്തുന്നതെന്നും അരുൺ ഇവരെ തെറ്റിദ്ധരിപ്പിച്ചു. തുടർന്നാണ് പ്രതികൾ ആവശ്യപ്പെട്ട തുക നൽകിയത്. പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ എ എസ് ഐ സറോഷ്, സി പി ഓമാരായ അജീഷ് കുമാർ, അമൽ, ഭഗത് എന്നിവർ അടങ്ങുന്ന സംഘമായിരുന്നു അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |