ന്യൂഡൽഹി: ഫെബ്രുവരി അഞ്ചിന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷൻ തീരുമാനിച്ചതോടെ ഇനിയുള്ള ഇരുപത്തിയെട്ടു ദിവസം രാജ്യതലസ്ഥാനം രാഷ്ട്രീയ കൊടുംചൂടിലാവും.70 മണ്ഡലങ്ങളിലും ഒന്നിച്ചാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.
പത്തുവർഷമായി ഡൽഹി ഭരിക്കുന്ന അരവിന്ദ് കേജ്‌രിവാളും ആംആദ്‌മി പാർട്ടിയും ജീവൻമരണ പോരാട്ടത്തിലാണ്. 2022 ൽ കോർപറേഷൻ ഭരണം പിടിച്ച് സർവാധിപത്യം സ്ഥാപിച്ചെങ്കിലും മദ്യനയ അഴിമതിയും ധൂർത്ത് ആരോപണങ്ങളും വെല്ലുവിളിയാണ്.
പുതിയ മദ്യനയം നടപ്പാക്കാൻ കോടികൾ കൈക്കൂലി വാങ്ങിയെന്ന ഇ.ഡി, സി.ബി.ഐ കേസുകളിൽ കുടുങ്ങിയ അരവിന്ദ് കേജ്‌രിവാളിന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ഉറ്റ അനുയായികളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എം.പി തുടങ്ങിയവരെല്ലാം കേസിലായി. 2022ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ അഴിമതി ആരോപണങ്ങൾ ബാധിച്ചിരുന്നില്ല. അതിനുശേഷമാണ് കേജ്‌രിവാളിന്റെ അറസ്റ്റുണ്ടായത്. അഴിമതി ആരോപണങ്ങളും 33.66 കോടി മുടക്കി ബംഗ്ളാവ് മോടിപിടിപ്പിച്ചതും ജനസമ്മതി കുറച്ചെന്നാണ് വിലയിരുത്തൽ.
നിലവിലെ സൗജന്യങ്ങൾക്കു പുറമെ 60 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ നൽകുന്ന സഞ്ജീവനി യോജന,സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുന്ന മഹിളാ സമ്മാൻ യോജന എന്നിവ നടപ്പാക്കുമെന്നാണ് കേജ്‌രിവാളിന്റെ വാഗ്ദാനം. ഭരണം കിട്ടിയാൽ സൗജന്യങ്ങൾ തുടരുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് മാസം 2500 രൂപ നൽകുന്ന 'പ്യാരി ദിദീ യോജന' പദ്ധതിയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |