ലക്‌നൗ: ഭർത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് യാചകനൊപ്പം 36കാരി ഒളിച്ചോടിയെന്ന പരാതിയിൽ വഴിത്തിരിവ്. ഭർത്താവിന്റെ മർദ്ദനം സഹിക്കാനാവാതെ ഫറൂഖാബാദിലെ ഒരു ബന്ധുവീട്ടിലേയ്ക്ക് മാറിയതാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. യുവാവിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും സംഭവത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. ഭാര്യ രാജേശ്വരിയെ കാണാനില്ലെന്ന് കാട്ടി രാജു എന്ന യുവാവാണ് കഴിഞ്ഞ ഞായറാഴ്‌ച പൊലീസിൽ പരാതി നൽകിയത്.
രാജേശ്വരിക്കും മക്കൾക്കുമൊപ്പം ഹർദോയിയിലെ ഹർപാൽപൂർ എന്ന സ്ഥലത്താണ് 45കാരനായ രാജു താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ച മുതൽ രാജേശ്വരിയെ കാണാനില്ലായിരുന്നു. യാചകൻ നൻഹെ പണ്ഡിറ്റ് (45) ഇടയ്‌ക്കിടെ തന്റെ വീട്ടിലും അയൽവീട്ടിലുമെല്ലാം ഭിക്ഷയാചിച്ച് വരുമായിരുന്നുവെന്നും ഇയാളോടൊപ്പം ഭാര്യ ഒളിച്ചോടിയെന്നുമായിരുന്നു രാജു പരാതിയിൽ പറഞ്ഞത്. നൻഹെ പണ്ഡിറ്റ് പലപ്പോഴും രാജേശ്വരിയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും ഫോണിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ടെന്നും രാജു പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ജനുവരി മൂന്നിന് പച്ചക്കറി വാങ്ങാനെന്ന് പറഞ്ഞ് രാജേശ്വരി വീട്ടിൽ നിന്ന് പോവുകയായിരുന്നു. ഏറെനേരെ കഴിഞ്ഞും ഇവർ മടങ്ങിയെത്തിയില്ല. എരുമയെ വിറ്റ പണം വീട്ടിൽ സൂക്ഷിച്ചിരുന്നതും കാണാനില്ലായിരുന്നുവെന്ന് രാജു പറഞ്ഞിരുന്നു. ഇതോടെയാണ് രാജേശ്വരി നൻഹെ പണ്ഡിറ്റിനൊപ്പം ഒളിച്ചോടിയതാണെന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സ്ത്രീയെ തട്ടികൊണ്ടുപോയെന്ന കുറ്റം ചുമത്തി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പത്ത് വർഷം വരെ തടവും പിഴയും ലഭിച്ചേക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് നൻഹെ പണ്ഡിറ്റിനെതിരെ പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |