കേന്ദ്രത്തിന് നോട്ടീസ്
അറ്റോർണി ജനറലിന്റെ സഹായം തേടി
ന്യൂഡൽഹി: 130 വർഷം പഴക്കമുള്ള മുല്ലപ്പരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്‌ക്ക് ഉത്തരവിടുമെന്ന് സൂചിപ്പിച്ച് സുപ്രീംകോടതി. മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിന്റെ നിരന്തര ആവശ്യത്തിൽ കേന്ദ്രം തണുപ്പൻ നയം തുടരുമ്പോൾ, പ്രതീക്ഷയേകുന്നതാണ് സുപ്രീംകോടതി നീക്കം. കേന്ദ്രസർക്കാരിന് നോട്ടീസ് അയയ്ക്കാനും ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
സുരക്ഷാ പരിശോധനയ്‌ക്ക് വിദഗ്ദ്ധസമിതി രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് നിർദ്ദേശിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് കോടതി പറഞ്ഞു. ഡാം സുരക്ഷാ നിയമപ്രകാരമുള്ള ദേശീയ കമ്മിറ്റി ഇനിയും രൂപീകരിച്ചിട്ടില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ 2014ലെ വിധിയുടെ അടിസ്ഥാനത്തിൽ മേൽനോട്ട സമിതിക്കും ഡാം സുരക്ഷാ നിയമത്തിൽ വ്യവസ്ഥ വേണമായിരുന്നു. അതും ഉണ്ടായിട്ടില്ല.
കേന്ദ്ര നിലപാട് അറിഞ്ഞശേഷം തുടർ നടപടിയെടുക്കും. വിഷയത്തിൽ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ സഹായവും കോടതി തേടി. ദേശീയ ഡാം സുരക്ഷാ അതോറിട്ടിയുടെ നിലപാടും നിർദ്ദേശവും അറ്റോർണി ജനറൽ അറിയിക്കണം.
ഡാം സുരക്ഷയിലുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി അഡ്വ. മാത്യൂസ് ജെ. നെടുമ്പാറ ഉൾപ്പെടെ അഞ്ച് മലയാളി അഭിഭാഷകർ സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്. ഈ മാസം 22ന് വീണ്ടും പരിഗണിക്കും.
1886ലെ പാട്ടക്കരാർ നിലനിൽക്കുമോ എന്ന വിഷയത്തിൽ വാദം കേൾക്കാൻ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് തീരുമാനിച്ചിരിക്കെയാണ് പുതിയ ഹർജിയെത്തിയത്.
സുരക്ഷിതമെന്ന മുൻ
വിധി പിൻവലിക്കണം
ഡാം സുരക്ഷിതമാണെന്ന 2006ലെയും 2014ലെയും സുപ്രീംകോടതി വിധികളിൽ തെറ്റുണ്ടെന്നും പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു
അണക്കെട്ട് തകരുന്ന സാഹചര്യമൊഴിവാക്കാൻ ജലനിരപ്പ് 120 അടിയായി കുറയ്‌ക്കണം. പുതിയ ഡാം ഉടൻ നിർമ്മിക്കാൻ അനുമതി നൽകണം
50 ലക്ഷം പേരുടെ ജീവനെ ബാധിക്കുന്ന വിഷയം. ഡാം തകർന്നാൽ ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകൾ തുടച്ചു നീക്കപ്പെടും
യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാര നടപടി കൈക്കൊള്ളാൻ കേന്ദ്ര, കേരള, തമിഴ്നാട് സർക്കാരുകൾക്ക് നിർദ്ദേശം നൽകണം
ഒടുവിൽ പരിശോധന 2011ൽ
അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് കഴിഞ്ഞ സെപ്‌തംബറിൽ മേൽനോട്ടസമിതി യോഗത്തിൽ ധാരണയായിരുന്നു. ഡാമിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പവും പ്രളയവും പ്രതിരോധിക്കാനുള്ള ശേഷി, ഓപ്പറേഷണൽ സുരക്ഷ എന്നിവ പരിശോധിക്കാനായിരുന്നു തീരുമാനം. 12 മാസത്തിനകം പൂർത്തിയാക്കാനും നിശ്ചയിച്ചു. എന്നാൽ നടപടി തുടങ്ങിയിട്ടില്ല. 2011ൽ സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയാണ് ഒടുവിലായി ഡാമിൽ പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |