നടി ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്.നേരിട്ടും സമൂഹമാദ്ധ്യമങ്ങളിലൂടെയും ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹണി റോസിന്റെ പരാതി. ഇതിനുപിന്നാലെ നടിയെ പിന്തുണച്ചുകൊണ്ട് താര സംഘടന അമ്മയും വനിതകളുടെ സംഘടന, വിമൺ ഇൻ സിനിമ കളക്ടീവുമൊക്കെ ഹണി റോസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
എന്നാൽ ഇതിനിടയിൽ ചിലർ ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ നടി റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ട സ്ത്രീകളെ എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
'പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോൾ നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകൾ. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടാൻ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.'- എന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് റിമ കല്ലിങ്കൽ പങ്കുവച്ചിരിക്കുന്നത്.
ഞായറാഴ്ചയാണ് ബോബിയുടെ പേര് വെളിപ്പെടുത്താതെ, സമൂഹ മാദ്ധ്യമങ്ങളിലൂടെ ദ്വയാർത്ഥപ്രയോഗം നടത്തി അപമാനിക്കുന്നതായി ഹണി റോസ് ആരോപിച്ചത്. തുടർന്ന് സൈബർ ആക്രമണമുണ്ടായി. തിങ്കളാഴ്ച കമന്റുകളും സ്‌ക്രീൻഷോട്ടുകളും സഹിതം എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി പരാതി നൽകി. 30 പേർക്കെതിരെ കേസെടുക്കുകയും കുമ്പളങ്ങി സ്വദേശിയായ 60കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |