തിരുവനന്തപുരം: എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസ് ഒതുക്കാനല്ല, കുടുംബത്തെ എങ്ങനെ സഹായിക്കാമെന്നാണ് പാർട്ടി ആലോചിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. പാർട്ടി പാർട്ടിയുടെ അന്വേഷണവുമായി മന്നോട്ടു പോകും. അന്വേഷണ റിപ്പോർട്ട് വന്നാൽ പാർട്ടി തീരുമാനം എടുക്കും.
പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എഫ്.ഐ.ആർ എടുത്തതിനെതിരെ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി അന്വേഷണം പൊലീസ് അന്വേഷണത്തെ ബാധിക്കില്ല. സി.പി.എമ്മിനെപ്പോലെ പാർട്ടി കോടതി അന്വേഷിച്ച് തീരുമാനം എടുക്കലല്ല. സി.പി.എമ്മിൽ പൊലീസ് അന്വേഷണം ഉണ്ടാകാറില്ല.
കുടുംബത്തിന് പാർട്ടി നേതാക്കൾ വഴി സാമ്പത്തിക ബാദ്ധ്യത ഉണ്ടായിട്ടുണ്ടോ, അതാണോ ആത്മഹത്യയ്ക്ക് കാരണം എന്നൊക്കെ അന്വേഷിക്കണം. വ്യക്തികളാണെങ്കിലും പാർട്ടി നേതൃസ്ഥാനത്തുള്ളവരാണെങ്കിലും പാർട്ടിക്ക് കുടുംബത്തോട് ഉത്തരവാദിത്തമുണ്ട്.
പെരിയയിൽ രണ്ട് യുവാക്കളെ കൊലപ്പെടുത്തിയതിന് ഇരട്ട ജീവപര്യന്തം ശിക്ഷ കിട്ടിയ ക്രിമിനലുകളെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി തീവ്രവാദ സംഘടനയാണോ. വളർന്നുവരുന്ന തലമുറയ്ക്ക് ഏറ്റവും ഹീനമായ സന്ദേശമാണ് സി.പി.എം നൽകുന്നത്. പി.വി.അൻവറുമായി ഒരു ചർച്ചയും നടന്നിട്ടില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും.
കെ.എഫ്.സി നിക്ഷേപം:
മറുപടി പറയണം
ഫെഡറൽ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് കിടന്ന പണം എന്തിനാണ് 50,000 കോടി ബാദ്ധ്യതയുള്ള കമ്പനിയിൽ കെ.എഫ്.സി നിക്ഷേപിച്ചതെന്ന് ഇപ്പോഴത്തെ ധനമന്ത്രിയും പഴയ ധനമന്ത്രിയും മറുപടി പറയണമെന്ന് വി.ഡി.സതീശൻ. പാർട്ടി ബന്ധുക്കളായ ചിലർ കെ.എഫ്.സിയിലുണ്ട്. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ കൂടി അറിവോടെയാണ് പണം നിക്ഷേപിച്ചത്. രാഷ്ട്രീയ പിന്തുണയോടെ പാർട്ടി ബന്ധുക്കളാണ് കോടികൾ കമ്മീഷൻ വാങ്ങി കെ.എഫ്.സിയുടെ പണം അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ചത്. ഇതിനു പിന്നിലെ അഴിമതി അന്വേഷിക്കണം. അല്ലെങ്കിൽ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഫെഡറൽ ബാങ്കിലായിരുന്നു പണമെങ്കിൽ 109 കോടി 30 ലക്ഷം രൂപ കിട്ടുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |