തിരുവനന്തപുരം:അഞ്ചുലക്ഷം കർഷകർക്ക് നേരിട്ടും 10ലക്ഷംപേർക്ക് പരോക്ഷമായും ഗുണംലഭിക്കുന്ന 'കേര'പദ്ധതിയുടെ നടത്തിപ്പ് പാളുന്നു. പദ്ധതി ഡയറക്ടറായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിനെ കൃഷിവകുപ്പിൽ നിന്നൊഴിവാക്കിയതോടെ ലോകബാങ്കിൽ നിന്ന് പണംസ്വീകരിക്കാൻ പോലും ആളില്ലാതായി. മാർച്ചിനകം 50കോടി ചെലവിടാമായിരുന്നതാണ്. പദ്ധതിസജ്ജമാക്കലിന്റെ ആറുകോടിയല്ലാതെ കർഷകർക്കായി ഒരുരൂപ പോലും ചെലവിടാനായിട്ടില്ല. പദ്ധതിക്ക് 100കോടിവരെ അഡ്വാൻസായി ലോകബാങ്ക് നൽകുന്നതും വാങ്ങാനായിട്ടില്ല. പദ്ധതിയുടെ മേധാവിയെ മാറ്റരുതെന്ന ലോകബാങ്ക്ചട്ടവും അവഗണിച്ചു.
1655.85കോടി ലോകബാങ്ക് വായ്പയടക്കമുള്ള 2365.5കോടിയുടെ 'കേര'പദ്ധതിക്കായി തുടക്കംമുതൽ വകുപ്പുകളുടെ തമ്മിലടിയായിരുന്നു. പൊതുഭരണം,ധനം,കൃഷി, വ്യവസായം,ഐ.ടി,പ്ലാന്റേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. 32ഉന്നത തസ്തികൾ പിടിക്കാൻ വകുപ്പുകളുടെ പോരാണ്. 'കേരളകൗമുദി' ഇക്കാര്യ ചൂണ്ടിക്കാട്ടിയതോടെ, 3ഐ.എ.എസുകാരെയും 5കെ.എ.എസുകാരെയും പദ്ധതിനടത്തിപ്പിന് ചുമതലപ്പെടുത്തി. പദ്ധതിനിർവഹണവിഭാഗം രൂപീകരിച്ച് ഉത്തരവുമിറക്കി. പിന്നാലെയാണ് അട്ടിമറികൾ.
കാർഷികോത്പാദന കമ്മിഷണർ, കാബ്കോ എം.ഡി പദവികളും അശോകിനായിരുന്നു. സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്ത് സസ്പെൻഷനിലാണ്. പകരംനിയമിച്ച മീർമുഹമ്മദ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി. അഡി.സെക്രട്ടറി തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. കേരപദ്ധതിയിൽ ഡെപ്യൂട്ടേഷനിൽ മറ്റു നിയമനങ്ങൾ നടത്തിയിട്ടുമില്ല. ലോകബാങ്കിന്റെ സഹായംസ്വീകരിക്കാൻ വിദേശനാണ്യവിനിമയ രജിസ്ട്രേഷനടക്കം നടപടികൾക്കിടെയാണ് കേരപദ്ധതിയുടെ തലവനെ മാറ്റിയത്. പദ്ധതിക്ക് കഴിഞ്ഞ മാർച്ചിൽ കേന്ദ്രധനമന്ത്രാലയത്തിന്റെയും ഒക്ടോബറിൽ ലോകബാങ്കിന്റെയും അനുമതികിട്ടിയതാണ്. മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കിയും കൂടുതൽ വിപണി കണ്ടെത്തിയും കർഷകരെ വിപണികളുമായി ബന്ധിപ്പിച്ചും കൃഷിലാഭത്തിലാക്കുന്നതാണ് കേരപദ്ധതി.
മറ്റുപദ്ധതികളും
കുരുക്കിൽ
അഗ്രിബിസിനസ് കമ്പനിയായ കാബ്കോയിൽ കർഷകരുടെ വരുമാനം മെച്ചപ്പെടുത്താൻ 1000കോടിയുടെ പദ്ധതികളുടെ നടത്തിപ്പും അശോകിനാണ്.
സർക്കാരിന്റെയും സ്വകാര്യവ്യക്തികളുടെയും തരിശുഭൂമിയിൽ കൃഷിയിറക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നവോഥാൻ പദ്ധതിയുടെ നടപടികളും പുരോഗമിക്കുകയാണ്.
കേരപദ്ധതിയിലെ സംസ്ഥാന വിഹിതമായ 709.65കോടി നബാർഡിൽനിന്ന് നേടിയെടുക്കാനുള്ള ശ്രമങ്ങളുടെയും മേൽനോട്ടം അശോകിനാണ്. കാർഷികസർവകലാശാലാ വി.സിയുടെ ചുമതലയുമുണ്ട്.
അധികാരവും
ധൂർത്തും
1)2365.5കോടിയുടെ പദ്ധതിയിൽ നടത്തിപ്പധികാരം പിടിക്കുകയാണ് ലക്ഷ്യം. ലോകബാങ്ക് തവണകളായി നൽകുന്നപണം ചെലവിട്ടശേഷം ബിൽനൽകിയാൽ മതിയാവും.
2)കർഷകരക്ഷയ്ക്കുള്ള പദ്ധതികളെല്ലാം വെള്ളാനയായതിനാൽ പണം ചെലവിടുന്നത് യാഥാർത്ഥ്യബോധത്തോടെയാവണമെന്ന് അശോക് നിലപാടെടുത്തിരുന്നു.
3)അഡി.ചീഫ്സെക്രട്ടറി ഡോ.ജയതിലകിനെ വിമർശിച്ച എൻ.പ്രശാന്തിനെ പിന്തുണച്ചെന്ന കാരണംചൂണ്ടിക്കാട്ടിയാണ് അശോകിനെ തെറിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |