ഭാവഗായകന്റെ നാദം നിലച്ചു. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്റെ ഒരു കാലഘട്ടത്തെ മധുര മോഹനമാക്കി ആ അഗാധ ശബ്ദസാഗരം ബാക്കിയായി. മലയാളി എന്നും ഭാവഗായകൻ എന്നു വിശേഷിപ്പിച്ചു. മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം അഞ്ചുതവണയും ദേശീയ പുരസ്കാരം ഒരു തവണയും തേടി എത്തി. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ശ്രോതാക്കളെ സൃഷ്ടിച്ചു. 'രാസാത്തി ഉന്നൈ കാണാതെ നെഞ്ചം' എന്ന ഒറ്റഗാനത്തിലൂടെ തമിഴകത്തിന്റെ മനം കീഴടക്കി.അഞ്ചു പതിറ്റാണ്ടിനിടെ പതിനാറായിരത്തോളം ഗാനങ്ങൾ
പാടിത്തീർത്ത് പി. ജയചന്ദ്രൻ യാത്രയായി.
മഞ്ഞലയിൽ മുങ്ങിത്തോർത്തി
1958ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ യേശുദാസ് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ജയചന്ദ്രന് മൃദംഗത്തിലായിരുന്നു ഒന്നാം സ്ഥാനം. കുഞ്ഞാലിമരയ്ക്കാർ സിനിമയിലാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനമാണ് ആദ്യം പുറത്തു വന്നത്. പാട്ട് സൂപ്പർ ഹിറ്റായി. ഗായകനും സൂപ്പർ ഹിറ്ര് . പി. ഭാസ്കരനും വയലാറും മുതൽ പുതു തലമുറയിലെ ഗാനരചയിതാക്കളുടെ പാട്ടുകൾ വരെ പാടി. മലയാളി ഒരിക്കലും മറക്കാത്ത നൂറു കണക്കിന് ഗാനങ്ങൾ ജയചന്ദ്രന്റെ സ്വരമാധുരിയിൽ പുറത്തു വന്നു.1986ൽ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സരവശരണ്യവിഭോ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം എത്തി. പണിതീരാത്ത വീട് സിനിമയിലെ നീലഗിരിയുടെ സഖികളെ, ബന്ധനത്തിലെ രാഗം ശ്രീരാഗം നിറത്തിലെ പ്രായം തമ്മിൽ മോഹം നൽകി, തിളക്കത്തിലെ നീയൊരു പുഴയായ്, ജിലേബിയിലെ ഞാനൊരു മലയാളി എന്നും എപ്പോഴുമിലെ മലർവാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളിലൂടെയാണ് സംസ്ഥാന അംഗീകാരം.
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
ജയചന്ദ്രന്റെ കിന്നരനാദം എന്നും വേറിട്ടു നിന്നു.മഞ്ഞിലയിൽ മുങ്ങിത്തോർത്തി,നീലഗിരിയുടെ സഖികളെ, സറദിന്ദു മലർദീപനാളം, കരിമുകിൽ കാട്ടിലെ, കല്ലായിക്കടവത്തെ, കേരനിരകളാടും ഒരു ഹരിത ചാരു തീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, റംസാനിലെ ചന്ദ്രികയോ തുടങ്ങിയ ചലച്ചിത്ര ഗാനങ്ങൾ, ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ, സ്മൃതിതൻ ചിറകിലേറി ഞാനെൻ തുടങ്ങിയ ലളിത ഗാനങ്ങളും ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന ആൽബം ഗാനവും ശ്രദ്ധിക്കപ്പെട്ടു.
പുതിയ കാലം സംഗീതത്തോട് ജയചന്ദ്രനെ മുഖം തിരിക്കുന്നു എന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഗാനസിംഹാസനത്തിലൂടെ മടങ്ങി എത്തിയത് നിറം സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഒരൊറ്റ ഗാനത്തിലൂടെയാണ്. വീണ്ടും പുതിയ ഗായകരുടെയും പുതിയ സംഗീതസംവിധായകരുടെയും തള്ളിക്കയറ്രം. പാട്ട് സിംഹാസനത്തിലേക്ക് വീണ്ടും വന്നപ്പോൾ 1983 സിനിമയിൽ ഓലഞ്ഞാലി കുരുവീ എന്ന ഗാനം തരംഗമായി മാറി. പാട്ട് എഴുതിയത് പുതിയ തലമുറയിലെ ഗാനരചയിതാവ് ബി.കെ. ഹരിനാരായണനായിരുന്നു. ശാരീരിക അവശതയെ തുടർന്ന് ഗാനരംഗത്തു നിന്ന് വിട്ട് നിന്നശേഷം 2024 സെപ്തംബർ 21 ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തിഗാനം പാടാൻ എത്തി.ഭാവഗായകാ നന്ദി.അനശ്വര ഗാനങ്ങളിലൂടെ വസന്തം തീർത്തതിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |